പൂപ്പത്തിയിൽ റോഡ് സേഫ്റ്റി കൗൺസിലിന്റെ നിർദ്ദേശ പ്രകാരം പരിശോധന
മാള: കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ നടക്കുന്ന റോഡ് അപകടങ്ങളെക്കുറിച്ച് അന്വേഷിക്കാൻ റോഡ് സേഫ്റ്റി കൗൺസിലിന്റെ നിർദ്ദേശ പ്രകാരം വാഹന വകുപ്പ് ഉദ്യോഗസ്ഥർ പൂപ്പത്തി ജംഗ്ഷനിൽ പരിശോധന നടത്തി. നിയോജക മണ്ഡലത്തിലെ പ്രധാനപ്പെട്ടതും വാഹനത്തിരക്കേറിയതുമായ സ്ഥലങ്ങളിലാണ് സംഘം പരിശോധന നടത്തുന്നത്. നിയോജക മണ്ഡലത്തിൽ വിവിധയിടങ്ങളിലായി നടക്കുന്ന അപകടങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ മാള പള്ളിപ്പുറം സ്വദേശി ഷാന്റി ജോസഫ് തട്ടകത്ത് റോഡ് സേഫ്റ്റി അധികൃതർക്ക് നേരത്തെ പരാതി നൽകിയിരുന്നു. ഇതേതുടർന്നാണ് വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. അപകടങ്ങൾ ഇല്ലാതാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
അപകടം ഇല്ലാതിരിക്കാൻ
കൊടുങ്ങല്ലൂരിൽ നിന്നും നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് എത്തിപ്പെടാനുള്ള എളുപ്പവഴിയാണ് കൊടുങ്ങല്ലൂർ - അത്താണി പാത. ആയതിനാൽ പല ദിക്കുകളിൽ നിന്നായി നിരവധി വാഹനങ്ങളാണ് ഇതിലൂടെ കടന്നുപോകുന്നത്. മാളയിൽ നിന്നും എളന്തിക്കര, പറവൂർ എന്നീ സ്ഥലങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾക്ക് പൂപ്പത്തി ജംഗ്ഷൻ മുറിച്ചുകടക്കേണ്ടതായിട്ടുണ്ട്. നാലുംകൂടിയ ജംഗ്ഷൻ ആയതിനാൽ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനുള്ള ഹമ്പുകളോ, സിഗ്നൽ സംവിധാനങ്ങളോ, അപകട സൂചനാ ബോർഡുകളോ ഇല്ലാത്തത് അപകടങ്ങൾ വിളിച്ചുവരുത്തുമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നുണ്ട്. അപകടം ഒഴിവാക്കാനായി പൂപ്പത്തി ജംഗ്ഷന്റെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ ജംഗ്ഷനിൽ നിന്നും 25 മീറ്റർ അകലത്തിൽ ഉയരം കുറഞ്ഞ ഹമ്പുകൾ സ്ഥാപിക്കാനും, നാല് ഭാഗത്തുനിന്നുമുള്ള റോഡുകളിലായി സിഗ്‌നൽ ബോർഡുകൾ സ്ഥാപിക്കാനും ആവശ്യം ഉയരുന്നുണ്ട്.