തൃശൂർ: തമിഴിൽ നിന്ന് രൂപപ്പെട്ടതല്ല മലയാള ഭാഷയെന്നും മറിച്ച് മലയാളവും തമിഴും ഒരേ മൂലദ്രാവിഡ ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്നും സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ പറഞ്ഞു. ഈ വാദഗതിയെ ശരിവെയ്ക്കുന്ന ശാസ്ത്രീയമായ സൂചനകൾ ആദ്യം നൽകിയത് ഹെർമ്മൻ ഗുണ്ടർട്ടായിരുന്നുവെന്ന് സച്ചിദാനന്ദൻ പറഞ്ഞു. തൃശൂർ ആസ്ഥാനമായി പ്രവർത്തനം ആരംഭിക്കുന്ന ഹെർമ്മൻ ഗുണ്ടർട്ട് കൾച്ചറൽ സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു സച്ചിദാനന്ദൻ.
ജർമ്മനിയിലെ മുതിർന്ന പത്രപ്രവർത്തകനും ഹെർമ്മൻ ഗുണ്ടർട്ട് കൾച്ചറൽ സെന്ററിന്റെ സ്ഥാപകനുമായ ജോസ് പുന്നാംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ജർമ്മനിയിലെ മുൻ സ്പിരിച്ച്വൽ ചാപ്‌ളൈൻ ഫാ.ജെറോം ചെറുശ്ശേരി, എഴുത്തുകാരായ ഇ.സന്തോഷ്‌കുമാർ, പി.എൻ.ഗോപികൃഷ്ണൻ, ഹെർമ്മൻ ഗുണ്ടർട്ട് കൾച്ചറൽ സെന്റർ ഡയറക്ടർമാരായ കെ.രാജഗോപാൽ, മാങ്ങാട് രത്‌നാകരൻ , നിശ പുന്നാംപറമ്പിൽ എന്നിവർ പ്രസംഗിച്ചു.