തളിക്കുളം: സ്മാർട്ടായി പ്രഖ്യാപിച്ച തളിക്കുളം വില്ലേജ് ഓഫീസിൽ ഇപ്പോഴും സ്ഥിരമായി വില്ലേജ് ഓഫീസർ ഇല്ല. നിരവധി ആവശ്യങ്ങൾക്കായി ഓഫീസിലെത്തിച്ചേരുന്ന പൊതുജനങ്ങൾ ഇതോടെ സേവനം ലഭിക്കാതെ നട്ടം തിരിയേണ്ട അവസ്ഥയിലായി.
മാസങ്ങളായി ഇവിടെ ഇതേ അവസ്ഥയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
വാടാനപ്പിള്ളി വില്ലേജ് ഓഫീസർക്കാണ് പകരം ചുമതലയെങ്കിലും രണ്ട് വില്ലേജുകളിലെ സേവനം ഒരുമിച്ച് തീർപ്പാക്കേണ്ടി വരുന്നതിനാൽ നടപടികൾക്ക് കാലതാമസമുണ്ടാകുന്നതായി നാട്ടുകാർ പറയുന്നു. വയസായവരും മറ്റും ഓട്ടോയും ടാക്സിയും പിടിച്ച് ഓഫീസിലെത്തുമ്പോഴാണ് വില്ലേജ് ഓഫീസർ ഇല്ലെന്ന കാര്യം മനസിലാകുന്നത്. പിന്നീട് വാടാനപ്പിള്ളി വില്ലേജ് ഓഫീസിലെത്തി മണിക്കൂറുകളോളം കാത്തുകെട്ടി കിടക്കേണ്ട അവസ്ഥയാണെന്നും പറയുന്നു. ഇത് സമയ നഷ്ടവും പൈസ നഷ്ടവും ഉണ്ടാക്കുന്നതായി പറയുന്നു.
വായ്പാ ആവശ്യങ്ങൾക്കായി പൊസഷൻ സർട്ടിഫിക്കറ്റ്, പെൻഷൻകാർക്കായി വരുമാന സർട്ടിഫിക്കറ്റ്, ലൊക്കേഷൻ സർട്ടിഫിക്കറ്റ്, വിദ്യാർത്ഥികളുടെ ഉന്നത പഠനത്തിനും ജോലികൾക്കുമായി ജാതി സർട്ടിഫിക്കറ്റ്, നോൺ ക്രിമിലയർ സർട്ടിഫിക്കറ്റ് തുടങ്ങിയ സർട്ടിഫിക്കറ്റുകളാണ് പ്രധാനമായും ഇവിടെ നിന്നും അനുവദിക്കുന്നത്. ഇതെല്ലാം ലഭിക്കാൻ കാലതാമസം നേരിട്ടാൽ വെട്ടിലാകുന്നത് ഉപരിപഠനത്തിനായി കാത്തിരിക്കുന്ന വിദ്യാർത്ഥികൾ അടക്കമുള്ളവരാണ്. സ്ഥിരമായി ഓഫീസറെ നിയമിച്ച് പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.