
കുന്നംകുളം: സീനിയർ ഗ്രൗണ്ടിൽ നിന്ന് കസ്റ്റഡി വാഹനം കടത്താൻ ശ്രമിച്ച വാഹനം നാട്ടുകാർ പിടികൂടി. കുന്നംകുളം സ്‌പോർട്‌സ് ഡിവിഷന്റെ ഉദ്ഘാടനത്തിന് മുന്നോടിയായാണ് കസ്റ്റഡി വാഹനം നീക്കാനാരംഭിച്ചത്. വാഹനങ്ങൾ തൃശൂർ രാമവർമപുരം ക്യാമ്പിലേക്ക് മാറ്റാനാണ് നിർദ്ദേശമെന്ന വ്യാജേന ചെയ്‌സ് നമ്പറുള്ള ഒരു ലോഡ് വാഹനം മാത്രമാണ് എ.ആർ ക്യാമ്പിലേക്ക് കൊണ്ടുപോയത്.
ബാക്കി വാഹനം സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ആക്രിക്കടയിലേക്കാണ് കൊണ്ടുപോയത്. സംഭവത്തിൽ സംശയം തോന്നിയതോടെയാണ് നാട്ടുകാർ ഇടപെട്ട് വാഹനം തടഞ്ഞത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കുന്നംകുളം എസ്.ഐ ഡി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു.
പൊലീസിന്റെ കസ്റ്റഡി വാഹനം കുന്നംകുളം സീനിയർ ഗ്രൗണ്ടിൽ നിന്നും കടത്തിക്കൊണ്ടുപോയി എന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ വി.സി.സൂരജ് പത്രക്കുറിപ്പിൽ പറഞ്ഞു. ഗ്രൗണ്ടിന്റെ നവീകരണപ്രവർത്തനത്തോട് അനുബന്ധിച്ച് ചുറ്റുമതിൽ കെട്ടാനായി വാഹനം നീക്കാനായി ജില്ലാ പൊലീസ് മേധാവി ഉത്തരവ് നൽകിയിരുന്നു. ഇതനുസരിച്ച് കുന്നംകുളം എ.സി.പി ടി.എസ്.സിനോജിന്റെ നിർദ്ദേശത്തെ തുടർന്ന് ബുധനാഴ്ച മുതൽ കസ്റ്റഡി വാഹനം നീക്കം ചെയ്തു വരികയാണ്. ടോറസിൽ വാഹനങ്ങളുടെ ബോഡിയും എൻജിനും കയറ്റി തൃശൂർ ജില്ലാ സായുധ സേനയുടെ ജങ്ക് യാർഡിൽ എത്തിച്ചിരുന്നു.
വൈകിട്ട് രണ്ട് ചെറിയ വാഹനങ്ങളിൽ കയറ്റിയ വാഹനങ്ങളുടെ പാർട്‌സുകൾ രാത്രിയായതിനാൽ വെളിച്ചക്കുറവ് മൂലം അടുത്ത ദിവസം തൃശൂർ ജില്ലാ സായുധ സേനയുടെ ജങ്ക് യാർഡിലേക്ക് മാറ്റാനായി കുന്നംകുളത്തുള്ള വാഹനഉടമയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ പൊലീസിന്റെ അറിവില്ലാതെ സൂക്ഷിച്ചിരുന്നു. ഇത് സംബന്ധിച്ച ആശയക്കുഴപ്പമാണ് തെറ്റായ വാർത്തയ്ക്ക് കാരണമെന്നും പൊലീസ് വിശദീകരിക്കുന്നു.
വാഹനഉടമയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനം സൂക്ഷിച്ചിട്ടുണ്ടെന്നുള്ള വാർത്ത അറിഞ്ഞപ്പോൾ ഈ വാഹനം സ്റ്റേഷൻ പരിസരത്തേക്ക് മാറ്റി. തുടർന്ന് വ്യാഴാഴ്ച രാവിലെ തന്നെ തൃശൂർ ജില്ലാ സായുധ സേനയുടെ ജങ്ക് യാർഡിലേക്ക് കൊണ്ടുപോയെന്നും പൊലീസ് നൽകിയ പത്രക്കുറിപ്പിൽ പറയുന്നു.