ചാലക്കുടി: ചാലക്കുടി കോടതി ജംഗ്ഷൻ അടിപ്പാത നിർമ്മാണം പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് ബെന്നി ബെഹനാൻ എം.പിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ദേശീയപാത ഉപരോധിക്കുമെന്ന് ടി.ജെ.സനീഷ്‌കുമാർ എം.എൽ.എ, നഗരസഭ ചെയർമാൻ വി.ഒ.പൈലപ്പൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വർഷങ്ങളായി ശ്രമം നടത്തിയിട്ടും എൻ.എച്ച്.ഐ.എ അടിപ്പാത നിർമ്മാണം കാര്യക്ഷമായി നടപ്പാക്കുന്നതിൽ ഗുരുതരമായ വീഴ്ചകൾ വരുത്തുന്ന സാഹചര്യത്തിലാണ് ദേശീയപാത ഉപരോധം അടക്കമുള്ള പ്രക്ഷോഭ പരിപാടികളിലേക്ക് കോൺഗ്രസും ജനപ്രതിനിധികളും കടക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. നഗരസഭ, ബ്ലോക്ക് പഞ്ചായത്ത് തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങളും സമരവുമായി സഹകരിക്കുന്നുണ്ട്.
സംസ്ഥാന സർക്കാർ പ്രശ്‌നത്തിൽ ഇടപെടുന്നില്ല. നിയമസഭയിൽ ഇതേക്കുറിച്ച് താൻ സബ്മിഷൻ ഉന്നയിച്ചെന്നും മാർച്ച് 31നകം നിർമ്മാണം പൂർത്തിയാക്കുമെന്നാണ് പൊതുമരാമത്ത് മന്ത്രി മറുപടി നൽകിയതെന്നും സനീഷ്‌കുമാർ വ്യക്തമാക്കി. മുൻ എം.എൽ.എ വേണ്ട വിധത്തിൽ പ്രശ്‌നത്തിൽ ഇടപെട്ടില്ല. കുറ്റകരമായ വീഴ്ചകൾ മറച്ചു പിടിക്കാനാണ് അദ്ദേഹവും എൽ.ഡി.എഫും ഇപ്പോൾ പ്രക്ഷോഭ പരിപാടികളുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്നും എം.എൽ.എ ആരോപിച്ചു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, വൈസ് പ്രസിഡന്റ് ലീനാ ഡേവിസ്, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ അഡ്വ.ബിജു ചിറയത്ത്, എം.എം.അനിൽകുമാർ, കെ.വി.പോൾ എന്നിവരും പങ്കെടുത്തു.
അടിപ്പാത, ഒരു ഫ്‌ളാഷ് ബാക്ക്
അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പി.സി. ചാക്കോ ചെയർമാനായ സമര സമിതി റിലേ സത്യാഗ്രഹം ആരംഭിച്ചത് 2007ൽ.
കെ.കരുണാകരൻ എം.പി അടിപ്പാത മുനിസിപ്പൽ ജംഗ്ഷൻ വരെ നീട്ടുന്നതിന് എൻ.എച്ച്.ഐ അനുമതി നൽകിയെന്ന് അറിയിക്കുന്നു
അങ്ങിനെയൊരു തീരുമാനമുണ്ടായില്ലെന്ന് പിന്നീട് പി.സി.ചാക്കോ പ്രഖ്യാപിക്കുന്നു
പിന്നീട് വർഷങ്ങൾ കഴിഞ്ഞ് ബി.ഡി. ദേവസി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ കോടതി ജംഗ്ഷനിൽ മുരിങ്ങൂർ മാതൃകയിൽ അടിപ്പാത നിർമ്മിക്കാൻ ധാരണ.
2013ൽ അടിപ്പാതക്കായി മണ്ണു പരിശോധനയും തുടർന്ന് മന്ത്രി കെ.ബാബു പങ്കെടുത്ത് നിർമ്മാണോദ്ഘാടനവും
20 ശതമാനം മാത്രം പണി നടന്ന അടിപ്പാതയുടെ നിർമ്മാണോദ്ഘാടനം നടത്തിയത് മന്ത്രി ജി.സുധാകരൻ 2018 മാർച്ചിൽ.
സ്തംഭനത്തിന് കാരണം കരാർ കമ്പനി ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ കമ്പനി ഉപകരാർ കമ്പനിക്ക് പണം നൽകാത്തത്.
കോടതി ജംഗ്ഷൻ അടിപ്പാത കരാർ ഉണ്ടാക്കുന്നതിന് മുൻപ് എൻ.എച്ച്.ഐ.എ ജി.ഐ.പി.എല്ലിന് നൽകിയത്
രണ്ട് കോടി.
കുടിശ്ശികതുക ഉപകരാർ കമ്പനിക്ക് നൽകിയാൽ പ്രശ്‌നം അവസാനിക്കും