ചേർപ്പ്: പെരുമ്പിള്ളിശ്ശേരി പെട്രോൾ പമ്പിന് സമീപം പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി. കെ.എസ്.ടി.പി.എ റോഡ് നിർമ്മാണത്തിനായി എടുത്ത കുഴിയിലെ പൈപ്പാണ് പൊട്ടിയത്. മണിക്കൂറുകളോളം വെള്ളം പാഴായിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് പൊതുപ്രവർത്തകനായ പ്രദീപ് വലിയങ്ങോട്ട് വെള്ളം നിറഞ്ഞ സ്ഥലത്തെ കുഴിയിലിറങ്ങി നിന്നു. ഇന്നലെ രാവിലെ റോഡ് പണിക്കെത്തിയ അന്യസംസ്ഥാന തൊഴിലാളികൾ റോഡ് വെട്ടിപൊളിക്കുന്നതിനിടയിലാണ് പൈപ്പ് പൊട്ടിയത്. വെള്ളം പാഴാകുന്നത് കണ്ട പ്രദീപ് തൊഴിലാളികളോട് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടങ്കിലും തൊഴിലാളികൾ പണി നിറുത്തി പോകുകയായിരുന്നു. ജല അതോറിറ്റി അധികൃതരെ വിവരം അറിയിച്ചെങ്കിലും കെ.എസ്.ടി.പി.എ ഉദ്യോഗസ്ഥരാണ് നടപടി സ്വീകരിക്കേണ്ടതെന്നായിരുന്നു മറുപടി.