ഗുരുവായൂർ : ആരോഗ്യ ജീവകാരുണ്യ രംഗത്ത് ഗുരുവായൂർ ആസ്ഥാനമായി ഒന്നര പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന ഹെൽത്ത് കെയർ ആൻഡ് സോഷ്യൽ വെൽഫെയർ അസോസിയേഷൻ നിരാലംബരായ ആളുകളുടെ വിശപ്പകറ്റാൻ പൊതിച്ചോറുകൾ എല്ലാ ദിവസവും വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉച്ചയ്ക്ക് ഒരു പൊതിച്ചോർ എന്ന സംരംഭത്തിലൂടെ നിശ്ചിത എണ്ണം പൊതിച്ചോറാണ് വിതരണം ചെയ്യുക. കൈരളി ജംഗ്ഷനിൽ ഫയർ സ്റ്റേഷന്റെ എതിർവശത്ത് നഗരസഭ പാർക്കിംഗ് കേന്ദ്രത്തിന് സമീപം സ്ഥാപിച്ചിട്ടുള്ള ഭക്ഷണ പെട്ടിയിൽ ദിവസവും ഉച്ചയ്ക്ക് ജനകീയ ഹോട്ടലിൽ നിന്നെത്തിക്കുന്ന പൊതിച്ചോർ വയ്ക്കും. ഇതിൽ നിന്നും ആവശ്യക്കാർക്ക് പൊതിച്ചോറെടുക്കാം. ഘട്ടംഘട്ടമായി എണ്ണം വർദ്ധിപ്പിക്കും. സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന ഹെൽത്ത് ക്ലബ്ബിന്റെ പൊതിച്ചോർ പദ്ധതിയുടെ ഉദ്ഘാടനം ഞായർ രാവിലെ 11.30ന് കൈരളി ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് നിർവഹിക്കും. നടൻ ശിവജി ഗുരുവായൂർ മുഖ്യാതിഥിയാകും. ക്ലബ്ബിന്റെ ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനവും ഞായറാഴ്ച്ച നടക്കും. രാവിലെ 11 ന് ഇരിങ്ങപ്പുറത്തെ ക്ലബ്ബിന്റെ സ്ഥലത്ത് നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ശിലാസ്ഥാപനം നിർവഹിക്കുമെന്നും ഭാരവാഹികളായ ക്ലബ്ബ് പ്രസിഡന്റ് ആർ.ജയകുമാർ, സെക്രട്ടറി എം.എ.ആസിഫ്, ഉച്ചഭക്ഷണ പദ്ധതിയുടെ കൺവീനർ പി.സുനിൽകുമാർ , പി.മുരളീധരൻ, ഷംസുദ്ദീൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.