വാർഡ് അംഗവും നാട്ടുകാരും ഇടപ്പെട്ടു
ചേർപ്പ്: പെരുമ്പിള്ളിശ്ശേരി പെട്രോൾ പമ്പിന് സമീപം നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന റോഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴായിരുന്നതിന് പരിഹാരമായി. കഴിഞ്ഞ ദിവസം രാവിലെയാണ് അന്യസംസ്ഥാന തൊഴിലാളികൾ നടത്തിയ നിർമ്മാണ പ്രവൃത്തിക്കിടെ പൈപ്പ് പൊട്ടി മണിക്കൂറുകളോളം വെള്ളം പാഴായത്. രാത്രിയായിട്ടും പ്രശ്നം പരിഹരിക്കാൻ അധികൃതർക്ക് കഴിഞ്ഞിരുന്നില്ല. തുടർന്ന് പൊതുപ്രവർത്തകനായ പ്രദീപ് വലിയങ്ങോട്ട് വെള്ളം നിറഞ്ഞ കുഴിയിലിറങ്ങി പ്രതിഷേധിച്ചിരുന്നു. സംഭവത്തെ തുടർന്ന് ഇന്നലെ വാർഡ് അംഗം ശ്രുതി വിജിൽ, നാട്ടുകാർ എന്നിവർ ചേർന്ന് കരാറുകാരനെ വിളിച്ചു വരുത്തി പൊട്ടിയ പൈപ്പ് നേരെയാക്കി ജലസേവനം പുനഃസ്ഥാപിച്ചു.