നേത്രക്കായയുടെ ഇറക്കുമതി ഗണ്യമായി കുറഞ്ഞു
കൊടുങ്ങല്ലൂർ: നാലു കിലോയ്ക്കും അഞ്ച് കിലോയ്ക്കും കഴിഞ്ഞ വർഷം നൂറു രൂപയ്ക്ക് വിറ്റിരുന്ന നേത്രക്കായയുടെ വില റെക്കാഡിലേക്ക് കുതിക്കുന്നു. ഇപ്പോഴത്തെ മൊത്തവില കിലോഗ്രാമിന് 56 രൂപയാണ്. നാടൻ നേത്രപ്പഴത്തിന് 80 രൂപയാണ് ചില്ലറ വില. ഇതോടെ വിളവെടുക്കാറായ കർഷകർ ശുഭപ്രതീക്ഷയിലാണ്. പുറത്തു നിന്നുള്ള നേത്രക്കായയുടെ വരവ് കുറഞ്ഞതാണ് വിലവർദ്ധനവിന് കാരണമെന്ന് പറയുന്നു. ചെറിയ കായയ്ക്കും വിലവർദ്ധിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ തൃശ്ശാനാപ്പിള്ളിയിൽ നിന്നും മേട്ടുപ്പാളയത്തുനിന്നുമാണ് ഈ സീസണിൽ മദ്ധ്യ കേരളത്തിലേക്ക് പ്രധാനമായും കായ വരുന്നത്.
കൊവിഡിനെ തുടർന്ന് തരിശു ഭൂമിയിൽ വ്യാപകമായി കൃഷിയിറക്കിയതും മറ്റ് സംസ്ഥാനങ്ങളിൽ വാഴക്കന്നുകൾക്കു വേണ്ടി നടത്തിയ കൃഷിയുമാണ് കഴിഞ്ഞ വർഷം വിലയിൽ കുറവുവരാൻ കാരണമായതെന്ന് പറയുന്നു. കൊവിഡാനന്തരം സംസ്ഥാനത്ത് നേത്രവാഴ കൃഷി വളരെ കൂടുതലായിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഇറക്കുമതി കൂടെയായപ്പോൾ കായക്ക് വിലകുറയുകയായിരുന്നു. അന്ന് കായക്ക് കാര്യമായി വില കിട്ടാതെയായതോടെ കർഷകർ പലരും മറ്റ് കൃഷിയിലേക്ക് തിരിയാൻ ഇടയായി.
റംസാൻ മാസത്തിൽ പഴവർഗങ്ങൾക്ക് സാധാരണ വില കയറുന്നത് പതിവാണ്. മേട്ടുപ്പാളയത്ത് നിന്നൊഴികെ മറ്റൊരു സ്ഥലത്തു നിന്നും നേത്രക്കായ വരുന്നില്ല. കഴിഞ്ഞ വർഷം ഒരു തോട്ടത്തിൽ നിന്നുമാണ് ഒരു ലോഡ് കയറ്റി വന്നിരുന്നുവെങ്കിൽ ഇപ്പോൾ പലസ്ഥലങ്ങളാൽ നിന്നും ശേഖരിച്ചാണ് ലോറി നിറയ്ക്കുന്നതെന്ന് വിതരണക്കാർ പറയുന്നു. ഉത്പാദനം കുറഞ്ഞതും, വർദ്ധിച്ച കൂലിച്ചെലവും, ഇന്ധന വില വർദ്ധനവുമെക്കെ വില വർദ്ധനവിന് ആക്കം കൂട്ടുന്ന സ്ഥിതിയാണ്. പ്രദേശത്തെ പ്രധാന വാണിജ്യ കേന്ദ്രമായ കോട്ടപ്പുറത്ത് ചന്ത ദിവസങ്ങളിൽ 12 ഓളം ലോറി കായ ഇറക്കിയിരുന്നിടത്ത് ഇപ്പോഴത് നേരെ പകുതിയായി ചുരുങ്ങിയ നിലയിലാണ്.