pachakkari-krishiകയ്പമംഗലത്ത് തോട്ടിൽ കൃഷിയിറക്കിയ പച്ചക്കറിയുടെ വിളവെടുപ്പ് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കയ്പമംഗലം: പാടത്തും പറമ്പിലും മാത്രമല്ല തോട്ടിലും കൃഷി വിളയിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ മൂന്ന് ചെറുപ്പക്കാർ. ഹരിതഗ്രാമം കർഷക സംഘത്തിലെ യുവാക്കളാണ് തോട്ടിൽ പച്ചക്കറി കൃഷി ചെയ്ത് വിജയം കൈവരിച്ചിരിക്കുന്നത്. പത്ത് വർഷത്തിലേറെയായി വിവിധ കൃഷികൾ ചെയ്ത് വിജയഗാഥ രചിച്ചിട്ടുള്ള കാക്കാത്തിരുത്തി സ്വദേശികളായ കറപ്പംവീട്ടിൽ അബ്ദുൾ നാസർ, ഏറാട്ട് പറമ്പിൽ മുഹമ്മദ് റാഫി, കറപ്പംവീട്ടിൽ അബ്ദുൾ ഹക്കിം എന്നിവരാണ് ഇത്തവണ പരീക്ഷണാടിസ്ഥാനത്തിൽ തോട്ടിൽ കൃഷിയിറക്കിയത്. അതും നൂറ്മേനി വിജയം.

മൂന്നുപീടിക ഹരിതഗ്രാമം അഗ്രികൾച്ചർ ഫാമിന്റെ പിറക്‌വശത്തുള്ള വാഴക്കത്തോട്ടിലെ 200 മീറ്ററോളം ഭാഗത്താണ് കൃഷിയിറക്കിയത്. വേനൽക്കാലത്ത് പുല്ല് നിറഞ്ഞ് കിടക്കാറുള്ള തോട് ആദ്യം വെട്ടി വൃത്തിയാക്കി പച്ചക്കറി തൈകൾ നട്ടു. രണ്ട് ദിവസം കൂടുമ്പോൾ മാത്രമാണ് വെള്ളമൊഴിച്ചിരുന്നത്. വളക്കൂറുള്ള മണ്ണായതിനാൽ പ്രത്യേകം വളം വേണ്ടിവന്നില്ല. പടവലം, കയ്പ, ചുരയ്ക്ക, കുമ്പളം, പയർ, കോവയ്ക്ക, തണ്ണിമത്തൻ എന്നിവയാണ് കൃഷിയിറക്കിയത്. 40 ദിവസമായപ്പോഴേക്കും വിളവെടുക്കാൻ പാകമായി. മികച്ച വിളവാണ് ലഭിച്ചതെന്ന് കൂട്ടായ്മ അംഗം നാസർ പറഞ്ഞു. തൊട്ടടുത്ത 30 സെന്റ് സ്ഥലത്ത് പൊട്ടുവെള്ളരിയും ഇവർ കൃഷി ചെയ്യുന്നുണ്ട്. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.വൈ. ഷെമീർ, പഞ്ചായത്തംഗം പി.എ. ഇസ്ഹാക്ക്, പി.കെ. അബ്ദുൾ റഹീം, ഹൈദർ അന്താറത്തറ എന്നിവർ സംസാരിച്ചു.