shaju
ഷാജു പുസ്തകങ്ങളുമായി

തൃശൂർ: തൃശൂർ ദേവമാത സ്‌കൂൾ അദ്ധ്യാപകനായ എ.ഡി. ഷാജു ഇന്ന് (23) പുസ്തക വിൽപ്പനയ്ക്കിറങ്ങും. താനെഴുതിയെ 15 പുസത്കങ്ങൾക്കൊപ്പം ഭാര്യയും അദ്ധ്യാപികയുമായ ജോജിമോളുടെ പുസ്തകവും വിൽക്കും. ഡയാലിസിസ് രോഗികളെ സഹായിക്കാൻ 15,000 രൂപ നൽകുകയാണ് ലക്ഷ്യം. ഈ തുക ലഭിച്ചില്ലെങ്കിൽ ബാക്കി സ്വയം വഹിക്കും.

500 രൂപ വിലവരുന്ന 10 പുസ്തകങ്ങളുടെ ഒരു സെറ്റ് 300 രൂപയ്ക്കാണ് വിൽക്കുന്നത്. രണ്ടു ദിവസം കൊണ്ട് 50 സെറ്റ് വിൽക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. സമൂഹ മാദ്ധ്യമങ്ങളിൽ നൽകിയ അറിയിപ്പ് കണ്ട് കുറച്ചു പേർ ആവശ്യപ്പെട്ടിട്ടുണ്ട്. 12 സെറ്റ് ഇതിനകം വിറ്റുപോയി. ഇന്ന് രാവിലെ എട്ടിന് മണ്ണുത്തി പുലരി വായനശാലയിൽ ബാലസാഹിത്യകാരൻ സി.ആർ. ദാസ് പുസ്തകവിൽപ്പന ഉദ്ഘാടനം ചെയ്യും.

വിറ്റുകിട്ടുന്ന തുക തിങ്കളാഴ്ച വൈകിട്ട് നാലിന് നിർദ്ധനരായ ഡയാലിസിസ് രോഗികൾക്ക് നൽകും. പുസ്തകങ്ങൾ സ്വയം പ്രസാധനം ചെയ്യാറാണ് പതിവ്. 10 കഥകൾ ചേർത്തുള്ള 16-ാം പുസ്തകത്തിന്റെ പണിപ്പുരയിലാണ് ഷാജു.

അന്നദാനത്തിനും പുസ്തകവിൽപ്പന

കഴിഞ്ഞ ജനുവരി 19ന് ഷാജുവിന്റെ 25-ാം വിവാഹ വാർഷികമായിരുന്നു. നടത്തറ ആശ്രയ ഭവനിലെ 50 അന്തേവാസികൾക്ക് ഭക്ഷണം നൽകിയായിരുന്നു ആഘോഷം. പുസ്തക വിൽപ്പനയിലൂടെ കണ്ടെത്തിയ 5,400 രൂപ നൽകി. സ്‌കൂളിന്റെ നേതൃത്വത്തിൽ നടക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഷാജു സജീവമാണ്. രണ്ടു വർഷം മുമ്പ് പുസ്തകവിൽപ്പനയിൽ കിട്ടിയ തുക കൊണ്ട് നിർദ്ധന വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് നാലു ടി.വി വാങ്ങിക്കൊടുത്തിരുന്നു. പഠനകാലത്തേ എഴുത്തിൽ കമ്പമായിരുന്നു. പേരന്റിംഗ്, അദ്ധ്യാപനം, ആത്മീയത എന്നിവയെപ്പറ്റി എഴുതി. അബ്ദുൾ കലാമിനെക്കുറിച്ചും വിശുദ്ധരെക്കുറിച്ചും ഭിന്നശേഷിക്കാരെക്കുറിച്ചും പുസ്തകങ്ങൾ രചിച്ചു. 2021ൽ സംസ്ഥാന പി.ടി.എയുടെ മികച്ച മാത്യഭാഷാദ്ധ്യാപക പുരസ്‌കാരം നേടി.


ഞാനെഴുതുന്നത് വായിക്കപ്പെടണന്നുണ്ട്. ദുരിതം അനുഭവിക്കുന്നവർക്ക് സഹായവുമാകണം. ലോക്ക് ഡൗൺ കാലത്ത് 5 പുസ്തകമെഴുതി. പേരന്റിംഗിലാണ് കൂടുതൽ താൽപര്യം.

- ഷാജു