തൃശൂർ: കണ്ണില്ലെങ്കിലെന്താ അകക്കണ്ണാൽ മേള ആസ്വദിക്കുകയാണ് അനന്തു ഗിരീഷ് എന്ന ഇരുപത്തിയൊന്നുകാരൻ. കൂട്ടിന് അഖിൽ കുമാറുമുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ ഭിന്നശേഷി വിദ്യാർത്ഥികൾ പഠിക്കുന്ന കലാലയമായ തൃശൂർ കേരളവർമ്മ കോളേജിലെ വിദ്യാർത്ഥികളായ ഇരുവരും എന്റെ കേരളം പ്രദർശനത്തിലെത്തിയത് കലാലയ അനുഭവങ്ങൾ പങ്കുവയ്ക്കാനാണ്. ജന്മനാ കാഴ്ചശക്തി നഷ്ടപ്പെട്ട അനന്തുവും കാലുകൾക്ക് ചലനശേഷി നഷ്ടപ്പെട്ട അഖിലും കൂട്ടുകാർക്കൊപ്പമാണ് മേളയിലെത്തിയത്. എം.എ എക്കണോമിക്‌സ് വിദ്യാർത്ഥിയായ അനന്തു ഗിരീഷ് കോളേജിലെ എൻ.എസ്.എസ് അംഗവും ജില്ലയിലെ ബ്ലൈന്റ് ടീമിന്റെ ഓൾ റൗണ്ടറുമാണ്. പരിമിതികളെ മറികടന്ന് ഉയരങ്ങളിലേക്ക് പറക്കാൻ പിന്തുണ നൽകിയത് ഉന്നത വിദ്യാഭ്യസ വകുപ്പിന്റെ അകമഴിഞ്ഞ പ്രോത്സാഹനമാണെന്നും കോളേജ് അങ്കണത്തിലും പുറത്തും സജീവമായി സമൂഹ പ്രവർത്തനങ്ങളിൽ സജീവമായി ഇടപ്പെടാനും എൻ.എസ്.എസ് പ്രവർത്തനങ്ങൾ സഹായിച്ചതായി അനന്തു പറഞ്ഞു. മൂന്നു വർഷമായി എൻ.എസ്.എസ് സജീവ പ്രവർത്തകനാണ് അനന്തു. കലാലയ അനുഭവങ്ങൾക്കൊപ്പം കൈത്താങ്ങലിന്റെ അനുഭവത്തിനൊപ്പം പാട്ടും പാടിയാണ് അനന്തു വേദി വിട്ടത്.