ഗുരുവായൂർ: സി.പി.ഐ പൂക്കോട് ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി പാവപ്പെട്ട വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസ് സൗകര്യമൊരുക്കി സി.പി.ഐ ഇരിങ്ങപ്പുറം വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റി. ജില്ലാ സഹകരണ ആശുപത്രിയുടെ സഹകരണത്തോടെയാണ് ഡയാലിസിസ് സൗകര്യം ഒരുക്കുന്നത്. 40 ഓളം വൃക്കരോഗികൾക്കാണ് ഡയാലിസിസ് ചെയ്തുനൽകുകയെന്ന് ബ്രാഞ്ച് സെക്രട്ടറി സന്ദീപ് ചന്ദ്രൻ അറിയിച്ചു. ശനി, ഞായർ ദിവസങ്ങളിലായാണ് സി.പി.ഐ പൂക്കോട് ലോക്കൽ സമ്മേളനം. ശനിയാഴ്ച വൈകീട്ട് 5 മണിക്ക് തമ്പുരാൻപടി സെന്ററിൽ പൊതുസമ്മേളനവും ഞായറാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങപ്പുറം ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനവും നടക്കും. പ്രതിനിധി സമ്മേളനം സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം കെ.ജി. ശിവാനന്ദനും പൊതുസമ്മേളനം ജില്ലാ കൗൺസിൽ അംഗം കെ.പി. സന്ദീപും ഉദ്ഘാടനം ചെയ്യും.