പാവറട്ടി: വെങ്കിടങ്ങ് കരുവന്തല-ചക്കംകണ്ടം റോഡിൽ കുടിവെള്ളത്തിന് പൈപ്പിടുന്നതിന് വേണ്ടി ജല അതോറിട്ടി പൊളിച്ച റോഡിൽ മണ്ണ് നീക്കി കോൺക്രീറ്റ് നിരത്തി തുടങ്ങി. മുനമ്പ് കോളനി റോഡ് മുതൽ പാടൂർ കൈതമുക്ക് വരെ 2.75 കിലോമീറ്റർ ഭാഗമാണ് പൈപ്പിടുന്നതിന് വേണ്ടി പൊളിച്ചിരുന്നത്. തീരദേശത്ത് നിലവിൽ പൈപ്പില്ലാത്തതിനാൽ പീച്ചിയിൽ നിന്ന് എത്തുന്ന കുടിവെള്ളം ഗാർഹിക കണക്ഷനിലൂടെ ലഭിക്കാത്ത നൂറ് കണക്കിന് കുടുംബങ്ങൾ ഉണ്ടായിരുന്നു. ഇവർക്കെല്ലാം ഇപ്പോൾ കുടിവെള്ളം ലഭിച്ചു. സി.പി.എം ബ്രാഞ്ച് സെക്രട്ടറി കെ.വി. മനോഹരൻ മുരളി പെരുനെല്ലി എം.എൽ.എയ്ക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ എം.എൽ.എ ജല അതോറിട്ടിയേയും പൊതുമരാമത്ത് വകുപ്പിനേയും വിളിച്ച് യോഗം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പൈപ്പിടാൻ തീരുമാനമായത്. പൊളിച്ച ഭാഗം ശരിയാക്കുന്നത് ജല അതോറിട്ടിയുടെ ഫണ്ടിൽ നിന്നാണ് ചെലവിടുന്നത്. റെസ്റ്റൊറേഷൻ പൂർത്തികരിച്ചാൽ റോഡ് മെക്കാഡം പണി തുടങ്ങും. ഇതോടെ കരുവന്തല മുതൽ ചക്കംകണ്ടം വരെയുള്ള റോഡ് പൂർണമായും ബി.എം.ആന്റ് ബി.സി നിലവാരത്തിലാകും.