temple

നജിൽ തീർത്ത വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര നടയുടെ മിനിയേച്ചർ.

തൃശൂർ: തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിൽ മനംകവരുന്ന ഒരു കാഴ്ചയുണ്ട്. തൃശൂരിന്റെ സ്വന്തം വടക്കുന്നാഥ ക്ഷേത്രത്തിന്റെ ഒരു മിനിയേച്ചർ. പ്രദർശനം കാണാനെത്തുന്നവർക്ക് നയന മനോഹരമായ കാഴ്ചയാണ് ഈ വടക്കുന്നാഥൻ.
ഇരിങ്ങാലക്കുട, മാപ്രാണം സ്വദേശി നജിലാണ് ഈ കലാവിരുതിന്റെ ഉടമ. സുഹൃത്തുക്കൾക്കൊപ്പം പലപ്പോഴായി തെക്കേഗോപുര നടയുടെ സമീപം വന്നിരിക്കാറുള്ള നജിലിന്റെ മനസിലേയ്ക്ക് യാദൃച്ഛികമായാണ് ക്ഷേത്രത്തിന്റെ മിനിയേച്ചർ എന്ന ആശയം ഉദിച്ചത്. പിന്നീട് അതിന് വേണ്ടിയുള്ള പരിശ്രമങ്ങൾ ആരംഭിച്ചു. അളവുകൾ ചിട്ടപ്പെടുത്തി മിനിയേച്ചറിന്റെ ബെയിസ് നിർമ്മാണത്തിൽ വരെ സസൂക്ഷ്മ നിരീക്ഷണം നടത്തിയതിന് ശേഷമാണ് നിർമ്മാണത്തിലേയ്ക്ക് നജിൽ ഇറങ്ങിയത്. 2019 നവംബറിലാണ് മിനിയേച്ചർ രൂപത്തിന്റെ നിർമ്മാണം ആരംഭിക്കുന്നത്. മിനിയേച്ചറിൽ ഓടിന്റെ ഭാഗം ചെയ്തിരിക്കുന്നത് 99 ശതമാനവും ഫോറെക്‌സ് ഉപയോഗിച്ചാണ്. അഴികൾ ഈർക്കിൽ ഉപയോഗിച്ച് നിർമ്മിച്ചു.
മിനിയേച്ചറിന്റെ നൂറു ശതമാനവും കൈകൊണ്ട് ചെയ്തു എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. മൾട്ടിവുഡ്, വൈറ്റ് പുട്ടി, ഡെൻസിറ്റി കൂടിയ തേർമോകോൾ എന്നിവയും മിനിയേച്ചർ നിർമ്മാണത്തിന്റെ ഭാഗമായി ഉപയോഗിച്ച വസ്തുക്കളാണ്. മെഗാ പ്രദർശനത്തിൽ ആദ്യമായാണ് വടക്കുന്നാഥ ക്ഷേത്രത്തിന്റെ മിനിയേച്ചർ നജിൽ ഉൾപ്പെടുത്തുന്നത്. ഈ ഒരു മിനിയേച്ചർ കൂടാതെ പഴയൊരു തറവാട് വീടിന്റെ മോഡലും പുതിയ രീതിയിലുള്ള വീടിന്റെ മോഡലും പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മിനിയേച്ചറിന്റെ ഫോട്ടോ പകർത്തുന്നതിനും സെൽഫി എടുക്കുന്നതിനും നിരവധി പേരാണ് മേളയിൽ എത്തുന്നത്.