കുന്നംകുളം: അച്ചടക്ക ബോധമുള്ള യുവതലമുറയെ വാർത്തെടുക്കുന്നതിനായി രൂപം നൽകിയ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയിലൂടെ വിദ്യാർത്ഥികളെ നിയമബോധമുള്ളവരായും പ്രതിസന്ധികളെ നേരിടുന്നതിനുള്ള കഴിവുള്ളവരാക്കി മാറ്റുന്നതിനും സാധിച്ചുവെന്ന് എ.സി. മൊയ്തീൻ എം.എൽ.എ അഭിപ്രായപ്പെട്ടു. കുന്നംകുളം ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ അനുവദിച്ച സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളത്തിൽ കുന്നംകുളം നഗരസഭ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കുന്നംകുളം പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ ടി.എസ്. സിനോജ് മുഖ്യപ്രഭാഷണം നടത്തി. എസ്.പി.സി യൂണിറ്റ് പായസം ചലഞ്ചിലൂടെ സമാഹരിച്ച 2 ലക്ഷത്തി നാലായിരത്തി ഇരുപത്തഞ്ച് രൂപ ചികിത്സാ സഹായമായി ശ്രുതി കൃഷ്ണയ്ക്ക് നൽകി. സ്‌കൂൾ പ്രിൻസിപ്പൽ പി.ഐ. റസിയ, നഗരസഭാ വൈസ് ചെയർപേഴ്‌സൺ സൗമ്യ അനിലൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഷെബീർ, വാർഡ് കൗൺസിലർ ബിജു സി. ബേബി, അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസർ പ്രദീപ് എന്നിവർ സംസാരിച്ചു.