കുന്നംകുളം: പാഴ്‌ച്ചെടികൾ വളർന്നും ചെളി നിറഞ്ഞും ഒഴുക്കും ജലസംഭരണ ശേഷിയും കുറഞ്ഞ കൊരട്ടിക്കര പാടശേഖരത്തിലെ തോട് നവീകരിക്കണമെന്ന് കർഷകർ. വിരിപ്പു കൃഷിക്കായി ഒരുങ്ങുന്ന കർഷകരാണു തോടിന്റെ നിലവിലെ സ്ഥിതിയിൽ ആശങ്ക ഉന്നയിക്കുന്നത്. മഴക്കാലത്ത് വെള്ളം ഒഴിഞ്ഞു പോകാത്തതിനാൽ ഒട്ടേറെ തവണ ഇവിടെ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. തോട് നിറഞ്ഞ് കവിഞ്ഞും അരിക് ഭിത്തി തകർന്നും കണ്ടങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാകുകയാണ് പതിവ്. ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ ഒരു വർഷം മുമ്പ് നടത്തിയ ഭിത്തി നിർമ്മാണം അശാസ്ത്രീയമായിരുന്നു എന്ന് കർഷകർ പറയുന്നു. രണ്ടര മീറ്റർ ഉയരത്തിൽ നിർമ്മിക്കേണ്ട ഭിത്തി ഒന്നര മീറ്ററാക്കി കുറച്ചാണ് നിർമ്മിച്ചത്. കർഷകരോട് ആലോചിക്കാതെയായിരുന്നു നിർമ്മാണം. പിന്നീട് കൃഷിവകുപ്പിന്റെ അനുമതിയോടെ പുറത്തു നിന്നു മണ്ണ് കൊണ്ടുവന്നു കർഷകർ തന്നെ വരമ്പിന്റെ ഉയരം കൂട്ടുകയായിരുന്നു. അടുത്തിടെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ തോട് വൃത്തിയാക്കിയെങ്കിലും പൂർണമല്ലെന്ന് കർഷകർ പറഞ്ഞു.

മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ആഴം കൂട്ടുകയും തോട്ടിൽ വളർന്നു നിൽക്കുന്ന മുളക്കൂട്ടം അടക്കമുള്ള പാഴ്‌ച്ചെടികൾ പിഴുതു മാറ്റുകയും ചെയ്യണം.
-കർഷകർ