1

തൃശൂർ: വേനൽമഴയിൽ ജില്ലയിൽ കോടികളുടെ നാശനഷ്ടം. നെല്ല്, വാഴ എന്നിവയ്ക്കാണ് കൂടുതൽ നഷ്ടമുണ്ടായത്. തെങ്ങ്, ജാത്, കപ്പ, കവുങ്ങ് തുടങ്ങിയവയാണ് കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ നശിച്ചത്. ജില്ലയിൽ എണ്ണൂറ് ഹെക്ടറിലധികം നെൽക്കൃഷിയും നശിച്ചു.

ജൂബിലി തേവർ പടവ്, അന്തിക്കാട്, കാഞ്ഞാണി, ചെമ്മണ്ട തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വൻനാശമാണുണ്ടായത്. കൊയ്‌തെടുക്കാറായ നെൽച്ചെടികളാണ് വീണ് നശിച്ചത്. കൊയ്തെടുത്താലും വിളവ് ലഭ്യമാകില്ലെന്നും വയ്ക്കോൽ ഉൾപ്പെടെയുള്ളവ ലഭിക്കില്ലെന്നും കർഷകർ പറഞ്ഞു.

അതേസമയം നാശനഷ്ടം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കണമെങ്കിൽ മാസങ്ങൾ കാത്തിരിക്കേണ്ട സ്ഥിതിയാണ്. കഴിഞ്ഞ കാലവർഷക്കെടുതിയിൽ കൃഷിനാശമുണ്ടായ നൂറുക്കണക്കിന് പേർക്ക് ഇനിയും സഹായം ലഭിച്ചിട്ടില്ല. അത്താണി, കൊടുങ്ങല്ലൂർ മേഖലയിൽ വ്യാഴാഴ്ച മഴ കനത്തനഷ്ടം വരുത്തിയിരുന്നു.

നെല്ലിൽ നഷ്ടം ഒരു കോടിയിലേറെ

ജില്ലയിൽ 802. 23 ഹെക്ടർ നെൽക്കൃഷി നശിച്ചതിൽ 1.24 കോടിയുടെ നഷ്ടമുണ്ടായതായി കൃഷിഭവനുകളിൽ നിന്ന് ലഭിച്ച പ്രാഥമിക കണക്ക് പറയുന്നു. കർഷകർ നേരിട്ട് അപേക്ഷ നൽകുമ്പോൾ ഇത് വീണ്ടും കൂടും. മഴ തുടർന്നാൽ നഷ്ടം ഇനിയും കൂടും. എണ്ണായിരം ഹെക്ടറിലധികം സ്ഥലത്താണ് വിവിധ കോൾപ്പടവുകളായി നെല്ല് കൊയെതെടുക്കാനുള്ളത്.

57,235 വാഴകൾ

കർക്കടകം, ചിങ്ങം മാസങ്ങളിൽ വിളവെടുപ്പ് നടത്താൻ പാകത്തിലുള്ള 57,235 വാഴകളാണ് കാറ്റിലും മഴയിലും നശിച്ചത്. ഇതിലൂടെ 2.28 കോടിയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് കൃഷി വകുപ്പിന്റെ കണക്കുകൂട്ടൽ. കഴിഞ്ഞ രണ്ടുവർഷമായി കൊവിഡ് മൂലം തകർന്ന വാഴക്കർഷകർക്കാണ് വേനൽമഴ തിരിച്ചടിയായത്.

പച്ചക്കറി മേഖലയിലും നഷ്ടം ഏറെ

2.3 ലക്ഷം ഹെക്ടറിലെ പച്ചക്കറിക്കൃഷി നശിച്ചതിൽ നഷ്ടം 9.35 ലക്ഷം രൂപ. 166 തെങ്ങുകൾ കടപുഴകി. 4.98 ലക്ഷം രൂപയുടെ നഷ്ടം സംഭവിട്ടുണ്ട്. 1.69 ഹെക്ടർ കപ്പയും 349 ജാതി മരങ്ങളും 135 കവുങ്ങളും നശിച്ചു. 12 ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് ഇതിലൂടെ സംഭവിച്ചത്.

അഞ്ച് ദിവസം കൂടി മഴ

അഞ്ചുദിവസം കൂടി മഴ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാദ്ധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.

ജില്ലയിൽ വെള്ളി മുതൽ ശനി ഉച്ചവരെ വരെ കൂടുതൽ ലഭിച്ച മഴ ലഭിച്ച സ്ഥലങ്ങൾ

ഇരിങ്ങാലക്കുട - 39.6 മില്ലി മീറ്റർ

കൊടുങ്ങല്ലൂർ - 30 മീല്ലി മീറ്റർ

എനാമാക്കൽ - 5.6 മില്ലി മീറ്റർ

ചാലക്കുടി - 2.8 മില്ലി മീറ്റർ

വെള്ളാനിക്കര - 2.1 മില്ലി മീറ്റർ