kau
കഴിഞ്ഞ ദിവസം കേരളകൗമുദി പ്രസിദ്ധീകരിച്ച റിപ്പോർട്ട്

തൃശൂർ: ജില്ലയിൽ മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കളുടെ വിൽപ്പന വ്യാപിച്ച സാഹചര്യത്തിൽ തൃശൂർ സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ വ്യാപക റെയ്ഡ്. നെടുപുഴ സ്റ്റേഷൻ പരിധിയിലെ ആനക്കല്ല് സെന്ററിൽ കോഴിയിറച്ചി വിൽക്കുന്ന വിനയന്റെ (44) കടയിൽ നിന്നും 60 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു.

ടൗൺ വെസ്റ്റ് സ്റ്റേഷൻ പരിധിയിൽ ചേറ്റുപുഴ പള്ളത്ത് ഷിബിന്റെ (26) വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് പാക്കറ്റുകളിലായി സൂക്ഷിച്ച കഞ്ചാവ് പിടിച്ചെടുത്തു. സംശയാസ്പദമായ സ്ഥലങ്ങളിലും, വീടുകളിലും വരും ദിവസങ്ങളിലും റെയ്ഡുകൾ തുടരും. കഞ്ചാവ് ലഹരിക്കടത്ത്, ഗുണ്ടാസംഘങ്ങൾക്ക് വളമാകുന്നതായി കഴിഞ്ഞ ദിവസം കേരളകൗമുദി റിപോർട്ട് ചെയ്തിരുന്നു.

ഒളിപ്പിച്ചുവച്ച മയക്കുമരുന്നുകൾ കണ്ടെത്തുന്നതിൽ വിദഗ്ദ്ധ പരിശീലനം നേടിയ തൃശൂർ സിറ്റി പൊലീസിന്റെ ഡെൽമ, റൂറൽ പൊലീസിന്റെ റാണ എന്നീ നായകളാണ് കഞ്ചാവും നിരോധിത പുകയില ഉത്പന്നവും മണംപിടിച്ച് കണ്ടെത്തിയത്. ലോക്കൽ സിറ്റി പൊലീസും കമ്മിഷണറുടെ നേതൃത്വത്തിലുള്ള ഷാഡോ അംഗങ്ങളും, ഡോഗ് സ്‌ക്വാഡും ചേർന്നായിരുന്നു റെയ്ഡ് നടത്തിയത്.
നെടുപുഴ സ്റ്റേഷൻ ഇൻസ്‌പെക്ടർ ടി.ജി. ദിലീപ്, വെസ്റ്റ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കെ.സി. ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള ലോക്കൽ പൊലീസും, ഷാഡോ സബ് ഇൻസ്‌പെക്ടർ എൻ.ജി. സുവ്രതകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ രാകേഷ്, ജോജോ, മനോജ് എന്നിവരും പങ്കെടുത്തു.