തൃശൂർ: വിദ്യാഭ്യാസ രംഗത്തെ ബഹുജന പങ്കാളിത്തം വർദ്ധിപ്പിക്കുക, പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുക, പിന്നാക്ക പ്രദേശങ്ങളിലെ വിദ്യാലയങ്ങളുടെയും സമൂഹങ്ങളുടെയും വിദ്യാഭ്യാസ വളർച്ചയ്ക്കുതകുന്ന പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുക തുടങ്ങിയ വിവിധ ലക്ഷ്യങ്ങളുമായി ജില്ലാ വിദ്യാഭ്യാസ പദ്ധതി ഒരുങ്ങുന്നു. ഇതിന്റെ പ്രഖ്യാപനം നാളെ 11.30ന് ടൗൺഹാളിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും.
ജില്ലാ ആസൂത്രണ സമിതിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് വികസന വകുപ്പുകൾ, സന്നദ്ധ സംഘടനകൾ, വ്യക്തികൾ എന്നിവയെല്ലാം ചേർന്നാണു പദ്ധതി ആസൂത്രണം ചെയ്യുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് പറഞ്ഞു.
സമഗ്രശിക്ഷാ കേരള പരിപാടികളുമായി ബന്ധിപ്പിച്ച് ബ്ലോക്ക് റിസോഴ്‌സ് സെന്ററുകൾ, സി.ആർ.സികൾ, പി.ഇ.സി/എം.ഇ.സി എന്നിവ ശക്തിപ്പെടുത്തുക, വാർഡ്തല വിദ്യാഭ്യാസ സമിതികൾക്കു രൂപം നൽകുക, ജില്ലയിലെ സ്‌കൂളുകളുടെ പ്രവർത്തനങ്ങൾ സജീവമാക്കുക എന്നിവയാണു മറ്റു ലക്ഷ്യങ്ങൾ.