
തൃശൂർ: ടൈപ്പ് ഒന്ന് പ്രമേഹം ബാധിച്ച കുട്ടികൾക്കും കൗമാരക്കാർക്കും സൗജന്യ ചികിത്സ നൽകുന്ന കേരള സാമൂഹിക സുരക്ഷാ മിഷന്റെ 'മിഠായി" പദ്ധതി നാളെ മുതൽ ഒമ്പത് ജില്ലകളിലേക്കു കൂടി വ്യാപിപ്പിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
എറണാകുളം, കണ്ണൂർ ഗവ. മെഡിക്കൽ കോളേജുകൾ, പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രി, കൊല്ലം വിക്ടോറിയ ആശുപത്രി, മലപ്പുറം പെരിന്തൽമണ്ണ ജില്ലാ ആശുപത്രി, അടിമാലി താലൂക്ക് ആശുപത്രി, പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, കാസർകോട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കൽപറ്റ ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ് നാളെ മിഠായി സാറ്റലൈറ്റ് സെന്ററുകൾ തുടങ്ങുക. തൃശൂർ, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജുകളിലാണ് നേരത്തെ പദ്ധതി നടപ്പാക്കിയത്.
പുതിയ സാറ്റലൈറ്റ് കേന്ദ്രങ്ങളുടെ ഉദ്ഘാടനവും ടൈപ് ഒന്ന് പ്രമേഹത്തെക്കുറിച്ച് കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും ആവശ്യം അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ ഉൾപ്പെടുന്ന കൈപ്പുസ്തകത്തിന്റെ പ്രകാശനവും 25ന് വൈകി മൂന്നിന് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മന്ത്രി ആർ. ബിന്ദു നിർവഹിക്കും.