തൃശൂർ സ്‌പോർട്‌സ് ഡിവിഷൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു.
കുന്നംകുളം: ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ കേന്ദ്രമാക്കി തൃശൂർ സ്‌പോർട്‌സ് ഡിവിഷൻ നിലവിൽ വന്നു. ഡിവിഷന്റെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു. സംസ്ഥാന കായിക വകുപ്പ് തുക അനുവദിച്ച് നിർമ്മിക്കുന്ന ബോയ്‌സ് സ്‌കൂൾ പ്രാക്ടീസ് ഗ്രൗണ്ടിന്റെ നിർമ്മാണോദ്ഘാടനവും മന്ത്രി നിർവഹിച്ചു.
അടുത്ത അദ്ധ്യയന വർഷം മുതൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കായിക ഇനങ്ങൾ പഠന വിഷയമാക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കുന്നംകുളത്തെ സ്‌പോർട്‌സ് മെഡിസിൻ സെന്റർ സമയബന്ധിതമായി പൂർത്തീകരിക്കും. സ്വിമ്മിംഗ് പൂളിന്റെ പ്രവർത്തനം അടുത്ത മാസം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കുന്നംകുളം സീനിയർ ഗ്രൗണ്ട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ എ.സി. മൊയ്തീൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിനോടനുബന്ധിച്ച് സീനിയർ ഗ്രൗണ്ടിലെ നാച്ച്വറൽ ടർഫ് ഫുട്ബാൾ ഗ്രൗണ്ടിൽ 14 വയസിന് താഴെയുള്ള കായിക വിദ്യാർത്ഥികളുടെ സൗഹൃദ ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു. തുടർന്ന് ബഥനി സ്‌കൂളിലെ പ്രിൻസിപ്പൽ ഫാ.പത്രോസിന്റെ കായിക പ്രകടനം, കടവല്ലൂർ കനോജി ആർ.വൈ.യു ടീമിന്റെ കരാത്തെ, ഐ.ടി.കെ.വൈ കുന്നംകുളം ടീമിന്റെ കരാത്തെ, കളരി തുടങ്ങിയ കായിക പ്രകടനങ്ങളും കുന്നംകുളം എ.സി.പി സിനോജ് ടി.എസ്, സി.പി.ഒ അഭീഷ് പി.എൻ, നഗരസഭ റവന്യൂ ഓഫീസർ സുശീല, നഗരസഭാ കൗൺസിലർ പ്രവീണ എന്നിവരുടെയും കുന്നംകുളം ഗവ.മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ എസ്.പി.സി വിദ്യാർത്ഥികളുടെയും കലാപരിപാടികളും അരങ്ങേറി.
ചടങ്ങിൽ പങ്കെടുത്ത കായിക താരങ്ങളായ ഐ.എം. വിജയൻ, സി. ഹരിദാസ് എന്നിവരെ മന്ത്രിയും എം.എൽ.എയും ചേർന്ന് ആദരിച്ചു. നഗരസഭാ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കായിക വകുപ്പ് ഡയറക്ടർ ഡോ. ജെറോമിക് ജോർജ്, ഗവൺമെന്റ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂൾ ഹെഡ്മിസ്ട്രസ് എം.കെ. പത്മജ, അർജ്ജുന അവാർഡ് ജേതാവ് സിറിൾ സി. വെള്ളൂർ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ, കുന്നംകുളം സ്‌പോർട്‌സ് ഡിവിഷൻ സെക്രട്ടറി ബർളി ജോസ്, ചൊവ്വന്നൂർ ബ്ലോക്ക് പ്രസിഡന്റ് ആൻസി വില്ല്യംസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.