ഇരിങ്ങാലക്കുട: ചടങ്ങ് മാത്രമായി നടത്തുന്ന ഏപ്രിൽ മാസത്തെ കൂടൽമാണിക്യം ഉത്സവത്തിൽ മേളം നീണ്ടുപോകുന്നതിൽ തന്ത്രിമാർക്ക് എതിർപ്പ്. കഴിഞ്ഞ ദിവസം ചേർന്ന ദേവസ്വം മാനേജ്മെന്റ് യോഗത്തിൽ മേളസമയം പുനക്രമീകരിക്കാൻ തീരുമാനം.
കോലം തിരിച്ചുകയറ്റാൻ സമയം വൈകുന്നതിലാണ് തന്ത്രിമാർ പ്രതിഷേധം അറിയിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി വ്യാഴാഴ്ച വൈകിട്ട് മാതൃക്കൽ ബലിദർശനം വൈകിയിരുന്നു. മാതൃക്കൽ ബലിദർശനത്തിനായി കാത്തുനിന്ന ഭക്തജനങ്ങൾക്കിടയിൽ ഇത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കി. ഇതുമൂലം കഴിഞ്ഞ ദിവസം വിളക്കിനോടനുബന്ധിച്ചുണ്ടായ മേളം ഒരു മണിക്കൂർ കൊണ്ട് അവസാനിപ്പിച്ചിരുന്നു.
വെള്ളിയാഴ്ച രാവിലെ ശീവേലിയോട് അനുബന്ധിച്ചുള്ള മേളം 40 മിനിട്ട് മാത്രം നടന്നത് മേളപ്രേമികളെ നിരാശരാക്കി. ഇതേത്തുടർന്നാണ് അടിയന്തരമായി വെള്ളിയാഴ്ച രാവിലെ 11ന് മാനേജ്മെന്റ് കമ്മിറ്റി യോഗം ചേർന്നത്. മാനേജ്മെന്റ് കമ്മിറ്റി ചടങ്ങുകളെ കുറിച്ച് അറിയില്ലായിരുന്നു. അതിനാൽ ശീവേലിയുടെ മേളം കഴിഞ്ഞ ദിവസങ്ങളിൽ 11 മണിക്കാണ് അവസാനിച്ചത്. ഈ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് തന്ത്രിമാർ കഴിഞ്ഞ ദിവസം പ്രതിഷേധ സൂചകമായി വിളക്ക് വയ്ക്കലിൽ നിന്നും മാറിനിന്നത്.
ശേഷം നടന്ന ചർച്ചയിൽ ശീവേലി 9.30ന് അവസാനിപ്പിക്കാനും 10.30ന് വിളക്കിനോടനുബന്ധിച്ചുള്ള മേളം അവസാനിപ്പിക്കാനും തീരുമാനമായതായി ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ, അഡ്വ. കെ.ജി. അജയ്കുമാർ, എ.വി. ഷൈൻ, കെ.എ. പ്രേമരാജൻ, കെ.ജി. സുരേഷ് എന്നിവർ പറഞ്ഞു.
തന്ത്രിമാർ 10 മണിക്ക് മേളം അവസാനിപ്പിക്കണമെന്ന് പറഞ്ഞിരുന്നു. എന്നാൽ മേളക്കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ തങ്ങൾക്കിതിനെപ്പറ്റി അറിവുണ്ടായിരുന്നില്ല.
- അഡ്വ. കെ.ജി. അജയ്കുമാർ, മാനേജിംഗ് കമ്മിറ്റി അംഗം
വലിയവിളക്കും പള്ളിവേട്ടയും ഒഴിച്ചുള്ള ദിവസങ്ങളിൽ ശീവേലിക്കുള്ള മേളം രാവിലെ 9.30ന് അവസാനിപ്പിക്കാനും വൈകിട്ട് വിളക്കിനോടനുബന്ധിച്ചുള്ള മേളം 10.30ന് അവസാനിപ്പിക്കാനും തീരുമാനിച്ചിച്ചുണ്ട്.
- യു. പ്രദീപ് മേനോൻ, ദേവസ്വം ചെയർമാൻ
തന്ത്രിമാർ മേള വിരുദ്ധരല്ല, പള്ളിവേട്ടയ്ക്കും വലിയവിളക്കിനും 2.30ന് ശേഷമാണ് ഭഗവാന്റെ കോലം അകത്തേക്ക് കയറ്റുന്നത്. മേളവിരുദ്ധരാണെങ്കിൽ ഒരിക്കലും ജലപാനം പോലുമില്ലാതെ ഇതിന് കാത്തുനിൽക്കാൻ തയ്യാറാകില്ല. ഏകപക്ഷീയ തീരുമാനം അടിച്ചേൽപ്പിക്കുന്നതിനോടാണ് വിയോജിപ്പ്.
- തന്ത്രിമാർ