തൃശൂർ: കൊവിഡ് തകർത്ത ജീവിതങ്ങൾക്ക് അതിജീവനവഴി തുറന്ന് എന്റെ കേരളം മെഗാ പ്രദർശനത്തിന് ഇന്ന് കൊടിയിറക്കം. രണ്ട് വർഷക്കാലം അടച്ചുപൂട്ടിയിരുന്ന പരമ്പരാഗത ചെറുകിട സംരംഭകർക്കും ഊർജ്ജം പകരുന്നതായിരുന്നു ഒരാഴ്ചക്കാലം നീണ്ട പ്രദർശനം. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുക്കണക്കിന് ചെറുകിട സംരംഭകർക്കും കുടുംബശ്രീ യൂണിറ്റുകൾക്കും പുത്തൻ ഉണർവേകുന്നതായി മേള.
നിരവധി കുടുംബശ്രീ യൂണിറ്റുകളാണ് തങ്ങളുടെ സ്വന്തം ഉത്പന്നങ്ങളുമായി വിപണി തേടി എത്തിയത്. അതോടൊപ്പം ആദിവാസി മേഖലകളിൽ നിന്നെത്തിയ വനഉത്പന്നങ്ങൾക്കും മേള പ്രതീക്ഷ നൽകി. സർക്കാരിന്റേതടക്കം മുന്നൂറിലേറെ സ്റ്റാളുകളാണ് തേക്കിൻകാട് മൈതാനിയിലെ പ്രദർശന നഗരയിൽ ഉണ്ടായിരുന്നത്.
കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് രണ്ടുവർഷത്തിന് ശേഷം ജില്ലയിൽ ഏറ്റവും കൂടുതൽ പേർ പങ്കെടുത്ത പ്രദർശനം കൂടിയായി മേള മാറി. ഒരു ദിവസം പതിനായിരം പേരെയാണ് സംഘാടകർ ഉദ്ദേശിച്ചിരുന്നെങ്കിലും ആ ലക്ഷ്യം എല്ലാ ദിവസവും ഉച്ചയോടെ തന്നെ മറികടന്നുവെന്ന് മന്ത്രി കെ. രാജനും കളക്ടർ ഹരിത വി. കുമാറും പറഞ്ഞു. സർക്കാരിന്റെ സേവനങ്ങൾ ഒരു കുടകീഴിൽ അണിനിരത്താൻ കഴിഞ്ഞതും മേന്മയായി.
9 സ്റ്റാളുകളിലായി 40 ഓളം കുടുംബശ്രീ സംരംഭകർ പ്രവർത്തിക്കുന്നുണ്ട്. ചരിത്രത്താളുകളിൽ ഇടം നേടിയ കലാസാംസ്‌കാരിക - രാഷ്ട്രീയ നവോത്ഥാന രംഗത്തെ അധികരിച്ചുള്ള പവലിയനുകളും ഏറെ പേരെയാണ് ആകർഷിച്ചത്. കേരളത്തിന്റെ വിവിധ വിഷയങ്ങളെ കുറിച്ചുള്ള സെമിനാറുകളും ശ്രദ്ധേയമായി. ഇന്ന് വൈകീട്ട് സമാപന സമ്മേളനം മന്ത്രി കെ. രാധകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
ശ്രദ്ധ പിടിച്ചുപറ്റി ഫുഡ് കോർട്ട്
മല്ലിയില ബജി, ഉന്നക്കായ, പഴംപൊരി, പഴംനിറച്ചത് , കപ്പ കാന്താരി കോമ്പോ, കപ്പ ഇടിച്ചത്, കപ്പ മുളകിട്ടത്, ലൈവ് അപ്പം, ഫ്രൈഡ് റൈസ് ചില്ലി ഗോപി, മുരിങ്ങയില സൂപ്പ്, കാരറ്റ്, ബീറ്റ്‌റൂട്ട്, ചോളം തുടങ്ങി പത്തിനം പുട്ടും റാഗി അപ്പവും നൂട്രി, റാഗി, മുരിങ്ങ തുടങ്ങിയ മില്ലെറ്റുകൾ, മസാലദോശയിൽ ആരംഭിച്ച് നെയ് റോസ്റ്റ്, തട്ടുദോശ, തക്കാളി സുന്ദരി, ത്രീസ്റ്റാർ, ഗോൾഡൻ മസാല, സിൽക്ക് ദോശ, മഞ്ചൂരിയൻ ദോശ, വിവിധതരം ജ്യൂസുകൾ എന്നിങ്ങനെ തുടങ്ങി ഒട്ടനവധി വിഭവങ്ങളാണ് ഫുഡ് കോർട്ടിൽ ഉണ്ടായിരുന്നത്.
ദുരന്ത നിവാരണ സമഗ്ര സമീപന സെമിനാർ
തൃശൂർ: ദുരന്ത നിവാരണ പ്രവർത്തനങ്ങളെ കുറിച്ച് സാക്ഷരതാ പ്രവർത്തനം ഉണ്ടാകണമെന്നും അതുവഴി മനുഷ്യന്റെ ഭാവിയിൽ വരുന്ന ദുരന്തങ്ങൾ പരിഹരിക്കാൻ കഴിയണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ. എന്റെ കേരളം മെഗാപ്രദർശന മേളയോട് അനുബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദുരന്ത നിവാരണം സമഗ്ര സമീപനം സെമിനാറിൽ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ ലൂക്കോസ് കുര്യാക്കോസ്, എറിയാട് പഞ്ചായത്തിലെ പ്രസിഡന്റ് കെ.പി. രാജൻ, ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്കർ വിജേഷ് .പി സംസാരിച്ചു.