ettuvangiഎൻ.എസ്.എസ് പനങ്ങാട് യൂണിറ്റിന്റെ നേതൃത്വത്തിൽ നി‌ർമ്മിച്ചുനൽകുന്ന വീടിനായുള്ള ഭൂമിയുടെ രേഖ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഏറ്റുവാങ്ങുന്നു.

കൊടുങ്ങല്ലൂർ: ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്‌കീം 'ജീവനം 2022 ' എന്ന പദ്ധതിയുടെ ഭാഗമായി എൻ.എസ്.എസ് പനങ്ങാട് യൂണിറ്റിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുത്ത വിദ്യാർത്ഥിനിക്ക് ഭവനം ഒരുക്കുന്നു. ഇതിനായി വെട്ടുക്കൽ സുബൈദയുടെ അഞ്ച് മക്കൾ നൽകിയ മൂന്ന് സെന്റ് ഭൂമിയുടെ ആധാര രേഖകൾ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഏറ്റുവാങ്ങി.

മാർക്കറ്റ് ഓഡറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ സ്വയംതൊഴിൽ ചെയ്ത് ഉപജീവനം നടത്തുവാൻ തയ്യാറായ നിർദ്ധനയായ യുവതിക്ക് തയ്യൽ മെഷീൻ കൈമാറി.

ജീവനം പദ്ധതിയിലൂടെ കിടപ്പുരോഗികൾക്ക് കട്ടിൽ, വൃക്ക രോഗബാധിതർക്ക് ഡയാലിസിസ് കിറ്റ്, പ്രമേഹ രോഗനിർണയത്തിന് ഗ്ലൂക്കോമീറ്റർ, മാരകരോഗബാധിതർക്ക് മരുന്ന് എന്നിവയും വിതരണം ചെയ്തു. എസ്.എൻ പുരം പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എൻ.എസ്.എസ് ഡിസ്ട്രിക്ട് കൺവീനർ എം.വി. പ്രതീഷ് മുഖ്യാതിഥിയായി. കൊടുങ്ങല്ലൂർ ക്ലസ്റ്റർ പി.എസ്.സി മെമ്പർ കെ. ബിനീഷ് പദ്ധതി അവതരണം നടത്തി. വൈസ് പ്രസിഡന്റ് സി.സി. ജയ, ആരോഗ്യവിദ്യഭ്യാസം ചെയർപേഴ്‌സൺ സുമതി സുന്ദരൻ, ലോലിത ടീച്ചർ, പ്രിൻസിപ്പൽ ഇ.കെ. ശ്രീജിത്ത്, ഇ.ആർ. രേഖ, ജിബിമോൾ, ജാസ്മിൻ, എം.ആ.ർ സച്ചിദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.