ചേർപ്പ്: പാലക്കൽ മുതൽ പെരുമ്പിള്ളിശ്ശേരി വരെയുള്ള റോഡ് നിർമ്മാണ പ്രവൃത്തി നീളുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പാലിശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അംഗങ്ങൾ റോഡിൽ മുട്ടുകുത്തി നിന്ന് പ്രതിഷേധിച്ചു. സമരത്തിന്റെ ഭാഗമായി
റോഡിൽ നിറുത്തിയിട്ടിരുന്ന കോൺക്രീറ്റ് ഫില്ലിംഗ് മെഷീനിൽ പ്രവർത്തകർ റീത്ത് വച്ചു. സർക്കാരിന്റെ റീ ബിൽഡ് പദ്ധതി പ്രകാരം ജർമനിയുടെ സാമ്പത്തിക സഹായത്തോടെയാണ് കൂർക്കഞ്ചേരി മുതൽ കൊടുങ്ങല്ലൂർ വരെയുള്ള 34 കിലോമീറ്റർ ദൂരം ടാർ ചെയ്യുന്നത്. നിർമ്മാണത്തിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് പാലക്കൽ മുതൽ പെരുമ്പിള്ളിശ്ശേരി വരെ നിലവിലുള്ള റോഡ് പൊളിച്ചു നീക്കിയത്. മാസങ്ങൾക്കുമുമ്പ് ആരംഭിച്ച റോഡിന്റെ നിർമ്മാണ പ്രവൃത്തി ഇപ്പോൾ നിലച്ചിരിക്കുകയാണെന്നും സമരക്കാർ ആരോപിച്ചു. അവിണിശ്ശേരി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ഐ. ജോൺസൻ, വിനയ സച്ചിൻ, ശ്രീജിത്ത് എൻ.ബി, വി.എം. ജോഷി, കെ.പി. ലെനിൻ, ഷാജു തുമ്പയിൽ നേതൃത്വം നൽകി.