ചാലക്കുടി: വന്യമൃഗ ശല്യത്തിനെതിരെ രാഷ്ട്രീയ കിസാൻ മഹാസംഘ് പ്രഖ്യാപിച്ച കർഷക പ്രതിരോധ സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പരിയാരം പഞ്ചായത്തിലെ കൊന്നക്കുഴിയിൽ നടന്നു. ജനകീയ പങ്കാളിത്വത്തോടെ വന്യമൃഗങ്ങളെ കാട്ടിലേക്ക് ചെണ്ട കൊട്ടിയും പടക്കം പൊട്ടിച്ചും ഓടിച്ചു കൊണ്ട് സംസ്ഥാന ജനറൽ കൺവീനർ അഡ്വ. ബിനോയ് തോമസ് ഉദ്ഘാടനം ചെയ്തു.
മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായതോടെയാണ് വ്യത്യസ്തമായ രീതിയിൽ വന്യമൃഗങ്ങളെ തുരത്താനുള്ള പദ്ധതിയുടെ ഭാഗമായി കർഷക പ്രതിരോധ സമരം നടന്നത്. പരിസരത്ത് ചുറ്റിതിരിഞ്ഞ ഒരു കൊമ്പനാനയെ ഇവർ തുരത്തി. നിരവധി മാനുകളും ആൾക്കൂട്ടത്തെ കണ്ട് ഭയന്നോടി. എന്നാൽ സംഘം സഞ്ചരിച്ച പ്രദേശങ്ങളിൽ നിന്നും മാറി രാത്രി ആനകളിറങ്ങി കാർഷിക വിളകൾ നശിപ്പിച്ചു. ഇതു കണക്കിലെടുത്ത് ചെറുസംഘങ്ങളായി കൂടുതൽ സ്ഥലങ്ങളിൽ റോന്തു ചുറ്റലുമായി ഇറങ്ങാനാണ് കർഷകരുടെ തീരുമാനം. നാഷണൽ കോ-ഓർഡിനേറ്റർ കെ.വി. ബിജു, വിവിധ കർഷക സംഘടന ഭാരവാഹികളായ ജിന്നറ്റ് മാത്യു, ജോയി കണ്ണംചിറ, ജോബിൾ വടാശ്ശേരി, ഡോ: ജോസ് കുട്ടി ഒഴുകയിൽ, സമരസമിതി ചെയർമാൻ അബ്രാഹം മൊറേലി, കൺവീനർ മാത്യു ആച്ചാടൻ, പോൾസൺ കറുകുറ്റി, ഷാജി തെങ്ങനാക്കുന്നേൽ, എ.കെ. മാത്യു, എ.ഡി. ജോസ്, പി.ഡി. ജോൺസൻ , വി.എം. സൈമൺ, വി.എം. സാന്റി തുടങ്ങിയവർ നേതൃത്വം നൽകി.