കൊടുങ്ങല്ലൂർ: സാമൂഹിക വിരുദ്ധർ ഒരു പ്രദേശത്തെ വൈദ്യുതി വിതരണം തടസപ്പെടുത്തി. മേത്തല കടുക്കച്ചുവട് കൈമാപറമ്പിൽ ക്ഷേത്രത്തിന് സമീപത്തെ ട്രാൻസ്‌ഫോമറിലെ അഞ്ച് ഫ്യൂസുകളാണ് സാമൂഹിക വിരുദ്ധർ ഊരിയെറിഞ്ഞ് വൈദ്യുതി ഇല്ലാതാക്കിയത്. കൂടാതെ സമീപത്തെ തെരുവ് വിളക്കും എറിഞ്ഞ് പൊട്ടിച്ചു. ശനിയാഴ്ച അർദ്ധരാത്രിയിലാണ് സംഭവം. ഫ്യൂസുകൾ ഊരിയതോടെ പ്രദേശത്തെ 250 ഓളം വീടുകളിലേക്കുള്ള വൈദ്യുതി വിതരണം തടസപ്പെട്ടു. പരാതിയെ തുടർന്ന് അധികൃതർ നടത്തിയ തെരച്ചിലിൽ സമീപത്തെ ഒഴിഞ്ഞ പറമ്പിൽ നിന്നും ഫ്യൂസുകൾ കണ്ടെത്തി. സംഭവത്തെ തുടർന്ന് കെ.എസ്.ഇ.ബി അസി. എൻജിനിയറും നാട്ടുകാരും ചേ‌ർന്ന് കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകി. വൈദ്യുതി വിതരണം തടസപ്പെടുത്തിയവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നഗരസഭ കൗൺസിലർമാരായ ജിനി നിധിൻ, ഇ.ജെ. ഹിമേഷ് എന്നിവർ ആവശ്യപ്പെട്ടു.