ചാലക്കുടി: സെന്റ് മേരീസ് ഫൊറോന പള്ളിയിലെ തിരുനാളിന് വിശ്വാസികളുടെ തിരക്ക്. ശനിയാഴ്ച വൈകീട്ട് തിമിർത്ത് പെയ്ത മഴ സൗത്ത് ജംഗ്ഷനിലെ വ്യാപാരികളുടെ അമ്പെഴുന്നള്ളിപ്പിന് ചെറിയ തടസമുണ്ടാക്കി. ഞായറാഴ്ച രാവിലെ മുതൽ പള്ളിയിൽ പ്രത്യേക കുർബാനകൾ ആരംഭിച്ചു.
തിരുനാൾ കുർബ്ബാനയ്ക്ക് ഫാ. പോൾ പൂവ്വത്തിങ്കൽ കാർമ്മികനായി. ഫാ. ജിനു പള്ളിപ്പാട്ട് സന്ദേശം നൽകി. തുടർന്ന് തിരുനാൾ കമ്മിറ്റി അംഗങ്ങളുടെ കാഴ്ച സമർപ്പണം നടന്നു. വൈകീട്ട് തിരുനാൾ പ്രദക്ഷിണവും രാത്രി ശബ്ദം കുറഞ്ഞ വെടിക്കെട്ടും നടന്നു.
തിങ്കളാഴ്ച മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ടൗൺ അമ്പ് നടക്കും. വിവിധ സംഘടകൾ ഇത്തവണയും പ്രദർശനങ്ങൾ ഒരുക്കിയിട്ടുണ്ട്. മർച്ചന്റ്സ് അസോസിയേഷന്റെ 12 പ്രധാന കേന്ദ്രങ്ങളിലെ നഗരക്കാഴ്ച സ്റ്റേജുകളും തിരുനാൾ ആഘോഷത്തിന് മാറ്റു കൂട്ടുന്നു.