തൃശൂർ: മന്ത്രിസഭയുടെ ഒന്നാംവാർഷികാഘോഷത്തോട് അനുബന്ധിച്ച് നടന്ന 'എന്റെ കേരളം' മെഗാ പ്രദർശന വിപണന മേളയ്ക്ക് ഉജ്ജ്വല കൊടിയിറക്കം. തേക്കിൻകാട് മൈതാനം വിദ്യാർത്ഥി കോർണറിൽ കഴിഞ്ഞ ഏഴ് ദിവസമായി നടന്ന വികസന പൂരക്കാഴ്ചകൾക്കാണ് സമാപനമായത്. സമാപന സമ്മേളനം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മന്ത്രി കെ. രാജൻ അദ്ധ്യക്ഷനായി. മുരളി പെരുനെല്ലി എം.എൽ.എ, കളക്ടർ ഹരിത വി. കുമാർ, കെ.വി. നഫീസ, പി.എൻ. സുരേന്ദ്രൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, ഇൻഫർമേഷൻ ഓഫീസർ അബ്ദുൾ കരിം എന്നിവർ സംസാരിച്ചു.
ഉണ്ണിയപ്പം മുതൽ ചക്ക ഹൽവ വരെ: രുചിപ്പൂരത്തിന്റെ കൊട്ടിക്കലാശത്തിൽ നിറഞ്ഞ് ബേക്കറി വിഭവങ്ങൾ
തൃശൂർ: അരിപ്പൊടിയും ശർക്കരയും പഴവും ചേർത്ത് എണ്ണയിൽ മൊരിച്ചെടുത്ത നല്ല നാടൻ ഉണ്ണിയപ്പം... രുചി മുകുളങ്ങളെ തൊട്ടുണർത്തുന്ന വ്യത്യസ്തങ്ങളായ വിഭവങ്ങളായിരുന്നു എന്റെ കേരളം പ്രദർശന വിപണന മേളയുടെ അവസാന ദിവസത്തെ കുടുംബശ്രീയുടെ പാചക മത്സരത്തിലുണ്ടായിരുന്നത്. നാവിൽ കൊതിയൂറുന്ന ബേക്കറി വിഭവങ്ങളുടെ പാചക മത്സരം മേളയുടെ കൊട്ടിക്കലാശത്തെ പൂർണമാക്കി.
ഉഴുന്നുവട, ഡേറ്റ്സ് അവൽ എന്നിവ കൊണ്ട് ഉണ്ടാക്കിയ ഹൽവ, ചക്ക ഹൽവ, ഡോണറ്റ്സ്, സമൂസ, പിസ, കട്ലറ്റ്, വിവിധ തരം പുഡ്ഡിങ്ങുകൾ, സാൻഡ്വിച്ചുകൾ, പൊട്ടാറ്റൊ വെഡ്ജസ്, ബേഡ്സ് നെസ്റ്റ് തുടങ്ങി തനി നാടൻ ഉത്പന്നങ്ങൾ മുതൽ വിദേശ വിഭവങ്ങൾ വരെ രണ്ട് മണിക്കൂറിനുള്ളിലാണ് മത്സരാർത്ഥികൾ തീൻമേശയിൽ ഒരുക്കിയത്. വിഭവങ്ങളിൽ തന്നെ മൂന്നും നാലും വ്യത്യസ്ത ഇനങ്ങൾ തയ്യാറാക്കിയ മത്സരാർത്ഥികളും ഇക്കൂട്ടത്തിൽ ഉണ്ട്.
അരി ഹൽവ, അരച്ച എള്ളുണ്ട എന്നിവ ഉണ്ടാക്കി മുല്ലശ്ശേരി ബ്ലോക്കിലെ എൻ.എസ്. സരിത മത്സരത്തിൽ ഒന്നാമതെത്തി. കൊടകര ബ്ലോക്കിലെ നിറ്റി സത്യജിത്തിനാണ് രണ്ടാം സ്ഥാനം. പഴയന്നൂർ ബ്ലോക്കിലെ റോസ്ലി മൂന്നാം സ്ഥാനവും നേടി. ജില്ലയിലെ 15 ബ്ലോക്കുകളിൽ നിന്നുള്ള വനിതകളാണ് മത്സരത്തിൽ പങ്കെടുത്തത്. രുചിക്ക് ഒപ്പം പോഷകഗുണം കൂടി ഉറപ്പ് വരുത്തിയാണ് മത്സരാർത്ഥികൾ പാകം ചെയ്തത്.
കെ.ടി.ഡി.സി സീനിയർ ഷെഫ് വി. മനോജ്, ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ജെനി തോമസ്, ഐഫ്രം ഫാക്കൽറ്റി ദയാശീലൻ എന്നിവരുൾപ്പെട്ട വിധികർത്താക്കളാണ് വിജയികളെ തെരഞ്ഞെടുത്തത്.
കൃഷ്ണകുമാർ ആമലത്തിന് മാദ്ധ്യമ പുരസ്കാരം
തൃശൂർ: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എന്റെ കേരളം പ്രദർശന വിപണന മേളയുടെ മികച്ച കവറേജിനുള്ള വിവിധ മാദ്ധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഏറ്റവും മികച്ച റിപ്പോർട്ടറായി കേരളകൗമുദി തൃശൂർ ബ്യൂറോ റിപ്പോർട്ടർ കൃഷ്ണകുമാർ ആമലത്ത് അർഹനായി.
സമാപനച്ചടങ്ങിൽ മന്ത്രി കെ. രാധാകൃഷ്ണനിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. മന്ത്രി കെ. രാജൻ, മുരളി പെരുനെല്ലി എം.എൽ.എ, ജില്ലാ കളക്ടർ ഹരിത വി. കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.വി. നഫീസ, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സുരേന്ദ്രൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ അബ്ദുൾ കരീം എന്നിവർ പങ്കെടുത്തു.
മറ്റ് പുരസ്കാരങ്ങൾ: മികച്ച കവറേജ് (പത്രം) - ജനയുഗം, (ചാനൽ) - മീഡിയ വൺ, ന്യൂസ് പോർട്ടൽ ന്യൂസ് - കേരള.കോം. റിപ്പോർട്ടർ (ചാനൽ) - സുർജിത് അയ്യപ്പത്ത് (24 ന്യൂസ്). ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്കാരം - രഞ്ജിത്ത് ബാലൻ (മംഗളം).
എൻ്റെ കേരളം' പ്രദർശന വിപണനമേളയിലെ ഭാഗ്യശാലിയായി പുല്ലഴി സ്വദേശിനി രമണി
തൃശൂർ: തൃശൂർ തേക്കിൻകാട് മൈതാനം വിദ്യാർത്ഥി കോർണറിൽ നടക്കുന്ന 'എന്റെ കേരളം' പ്രദർശന വിപണനമേളയോട് അനുബന്ധിച്ച് 'അഭിപ്രായം പറയൂ, സമ്മാനം നേടൂ' നറുക്കെടുപ്പിലെ കഴിഞ്ഞ ദിവസത്തെ വിജയിക്ക് സമ്മാനം നൽകി. ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ട്സ് സ്പോൺസർ ചെയ്യുന്ന സമ്മാനം നറുക്കെടുപ്പിൽ വിജയിച്ച പുല്ലഴി സ്വദേശിനി രമണിക്ക് ജില്ലാ ഇൻഫർമേഷൻ ഓഫീസ് സ്റ്റാഫ് സുധീഷ് കൈമാറി. സമാപന ദിവസവും നറുക്കെടുപ്പ് നടന്നു.