nh

തൃശൂർ: മണ്ണുത്തി മുതൽ ഇടപ്പള്ളി വരെയുള്ള ദേശീയപാത ആറ് വരിയാക്കൽ നിർമ്മാണപ്രവർത്തനം മന്ദഗതിയിൽ. സർവേ പൂർത്തിയായെങ്കിലും ടെൻഡർ നടപടി എന്നു തുടങ്ങുമെന്ന് ധാരണയായിട്ടില്ല. ടെൻഡർ ഉറപ്പിച്ച ശേഷമേ പണി തുടങ്ങൂ. മണ്ണുത്തി ഇടപ്പള്ളി ആറുവരിപ്പാതയ്ക്ക് വ്യാപകമായ സ്ഥലമെടുപ്പ് വേണ്ടിവരില്ലെന്നാണ് വിവരം. എന്നാൽ അങ്കമാലി, ആലുവ പോലുള്ള ടൗണുകളിൽ സ്ഥലമേറ്റെടുപ്പ് എളുപ്പമാവില്ലെങ്കിലും കീറാമുട്ടിയാകില്ലെന്നാണ് ദേശീയപാത അതോറിറ്റിയുടെ വിലയിരുത്തൽ. വടക്കഞ്ചേരി മുതൽ മണ്ണുത്തി വരെയുള്ള നിർമ്മാണത്തിൽ കുതിരാൻ തുരങ്കത്തിന് സമീപമുള്ള ഫ്‌ളൈ ഓവർ റോഡ്, അഴുക്കുചാലിൽ സ്‌ളാബിടൽ, വൈദ്യുതി വിളക്ക് സ്ഥാപിക്കൽ, തുരങ്കത്തിനുള്ളിൽ മുകൾ ഭാഗത്തുള്ള ഗ്യാൻട്രി കോൺക്രീറ്റിംഗ് തുടങ്ങിയ ജോലികൾ ബാക്കിയുണ്ട്. മഴയ്ക്ക് മുമ്പ് ഈ പണികൾ പൂർത്തിയാക്കുമെന്നാണ് നിർമ്മാണക്കമ്പനി അധികൃതർ പറയുന്നത്.

വികസനത്തെ ബാധിക്കുന്നു

പഴയ സേലം - കന്യാകുമാരി ദേശീയപാത 47ന്റെ ഭാഗമാണ് ദേശീയപാത 544. 2010ലെ കേന്ദ്രസർക്കാർ വിജ്ഞാപന പ്രകാരമാണ് ഈ പേര് വന്നത്. കേരളത്തിലെ ആദ്യത്തെ തുരങ്കപാതയായ കുതിരാൻ ഇതിന്റെ ഭാഗമാണ്. തമിഴ്‌നാട്ടിലെ സേലത്തിനും കന്യാകുമാരിക്കും ഇടയിലുള്ള 650 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് 544. തമിഴ്‌നാട്ടിൽ 224 കിലോമീറ്ററും കേരളത്തിൽ 416 കിലോമീറ്ററുമുണ്ട്. തമിഴ്‌നാട്ടിലെ സേലം, ഈറോഡ്, കോയമ്പത്തൂർ, നാഗർകോവിൽ, കന്യാകുമാരി എന്നീ നഗരങ്ങളെയും കേരളത്തിലെ പാലക്കാട്, തൃശൂർ, കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം നഗരങ്ങളെയും ബന്ധിപ്പിക്കുന്ന ഈ പാത ഇതര സംസ്ഥാനങ്ങളുമായി സംസ്ഥാനത്തെ ബന്ധിപ്പിക്കുന്ന വ്യവസായ ഇടനാഴിയാണ്. ആ നിലയ്ക്ക് സംസ്ഥാനത്തിന്റെ വ്യാവസായിക ഭൂപടത്തിൽ പ്രധാന സ്ഥാനമുണ്ട്. പണി വൈകുന്നത് വികസനത്തിലും കാലതാമസമുണ്ടാക്കുന്നു.

കടന്നുപോകുന്ന നഗരങ്ങൾ

കന്യാകുമാരി, പത്മനാഭപുരം, നാഗർകോവിൽ, തക്കല, കളിയിക്കാവിള, പാറശ്ശാല, നെയ്യാറ്റിൻകര, തിരുവനന്തപുരം (തമ്പാനൂർ വരെ), കേശവദാസപുരം മുതൽ കഴക്കൂട്ടം, ആറ്റിങ്ങൽ, പാരിപ്പള്ളി, ചാത്തന്നൂർ, കൊട്ടിയം, കൊല്ലം, കരുനാഗപ്പള്ളി, ഓച്ചിറ, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, അരൂർ, വൈറ്റില, ആലുവ, അങ്കമാലി, ചാലക്കുടി, കൊടകര, ഒല്ലൂർ, മണ്ണുത്തി, ആലത്തൂർ, വടക്കഞ്ചേരി, പാലക്കാട്, വാളയാർ, മദുക്കര, ഭവാനി, സേലം.

വടക്കഞ്ചേരി മണ്ണുത്തി പാത നിർമ്മാണം

30 ശതമാനം പണികൾ ബാക്കി
30 മാസം കൊണ്ട് പൂർത്തിയാക്കാമെന്നായിരുന്നു എക്‌സ്പ്രസ് വേ കമ്പനിയുമായുള്ള കരാർ
സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായത് 2013ൽ കോടതി ഉത്തരവിലൂടെ
514.05 കോടിയുടെ കരാർ ഇപ്പോൾ 1,200 കോടിയിൽ