വടക്കാഞ്ചേരി: ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ചടങ്ങുകൾ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. കളഭാഭിക്ഷേകത്തിന് ശേഷം മൂന്ന് ആനകളുടെ അകമ്പടിയോടെ ചെറുശ്ശേരി കുട്ടൻ മാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളത്തോടെ കാഴ്ച ശീവേലി, ഉച്ചയ്ക്ക് ആയിരങ്ങൾ പങ്കെടുത്ത ഭക്തിഭോജനം, വൈകീട്ട് പാണ്ടിമേളത്തോടെ എഴുന്നള്ളിപ്പ്, നെയ്യ് മാത്രം ഉപയോഗിച്ചുള്ള ചുറ്റുവിളക്ക്, തായമ്പക, കൊമ്പ്പറ്റ്, കുഴൽ പറ്റ്, ചെർപ്പുളശേരി ശിവൻ, കോങ്ങാട് മധു, തിച്ചൂർ മോഹനൻ, മച്ചാട് ഉണ്ണി നായർ, ചേലക്കര സൂര്യൻ തുടങ്ങിയ കലാകാരന്മാർ അണിനിരന്ന മേജർ സെറ്റ് പഞ്ചവാദ്യം, കോമരത്തിന്റെ തുള്ളി കൽപ്പന, വെടിക്കെട്ട് എന്നിവ നടന്നു. കൊവിഡിന്റെ നിയന്ത്രണങ്ങൾ വഴി മാറിയ സാഹചര്യത്തിൽ ഭഗവതിയെ കണ്ട് തൊഴുതു വന്ദിക്കാനും വഴിപാടുകൾ സമർപ്പിക്കാനുമായി ആയിരക്കണക്കിന് ഭക്തർ ഉത്രാളിക്കാവിലെത്തിയിരുന്നു.