വാടാനപ്പിള്ളി: സെന്റർ ജുമാ മസ്ജിദിൽ നോമ്പുതുറ വിഭവങ്ങളിൽ കുഞ്ഞാലിക്കുട്ടിയുടെ ജീരകക്കഞ്ഞിയുടെ രുചിപ്പെരുമയ്ക്ക് 35 വർഷത്തെ പഴക്കം. റംസാൻ മാസത്തിൽ ജുമാമസ്ജിദിൽ നോമ്പ് തുറയുടെ പ്രധാന വിഭവങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ജീരകക്കഞ്ഞി.
മൂന്നര പതിറ്റാണ്ടിലധികമായി കുഞ്ഞാലിക്കുട്ടിയാണ് ഇവിടെ വിഭവ സമൃദ്ധമായ നോമ്പുതുറക്കുള്ള വിഭവങ്ങൾ തയ്യാറാക്കുന്നത്. വാടാനപ്പിളളി അഞ്ചങ്ങായി സ്വദേശിയാണ് മുഹമ്മദ് എന്ന കുഞ്ഞാലിക്കുട്ടി. നോമ്പ് വിഭവങ്ങളിൽ ജീരകക്കഞ്ഞിക്കാണ് ആവശ്യക്കാരേറെ.
ദിവസവും മുന്നൂറിലധികം പേർ പള്ളിയിൽ നോമ്പുതുറക്കാനുണ്ടാകും. കൂടാതെ ജംഗ്ഷനിലെ വഴിയോരകച്ചവടക്കാരും കടകളിലെ ജോലിക്കാരും കഞ്ഞിപ്പാത്രങ്ങളിലാക്കി നോമ്പ് തുറയ്ക്ക് കൊണ്ടുപോകും. ഒട്ടേറെ ഔഷധസസ്യങ്ങൾ ചേർത്തുണ്ടാക്കുന്നതാണ് ജീരകക്കഞ്ഞി. കഞ്ഞിയുടെ കൂട്ട് കുഞ്ഞാലിക്കുട്ടിക്കല്ലാതെ മറ്റാർക്കും അറിയില്ല.
വഴിയാത്രക്കാരാരെങ്കിലും മസ്ജിദിലെ നോമ്പുതുറയിൽ പങ്കെടുത്താൽ പിന്നീട് അവർ വീണ്ടും പള്ളിയിലെ നോമ്പുതുറയിലെത്തും. ജീരകക്കഞ്ഞിയുണ്ടാക്കിയ ആളെ അന്വേഷിച്ച് കുഞ്ഞാലിക്കുട്ടിയെ അഭിനന്ദിച്ച ശേഷമേ മടങ്ങാറുള്ളൂ. നോമ്പുതുറയിൽ പാചകകാര്യങ്ങൾ ശ്രദ്ധിക്കുന്ന കുഞ്ഞാലിക്കുട്ടി റംസാൻ മാസം കഴിഞ്ഞാലും പള്ളിക്കാര്യങ്ങളിൽ സജീവമായി രംഗത്തുണ്ടാകും.