
തൃശൂർ: പാറമേക്കാവ് വിഭാഗം മണികണ്ഠനാലിൽ പന്തലിന് കാൽനാട്ടിയതോടെ തട്ടകങ്ങൾ തൃശൂർ പൂരത്തിന്റെ ആരവങ്ങളിലേക്ക്. തിരുവമ്പാടി വിഭാഗം 28 ന് നടുവിലാലിലും നായ്ക്കനാലിലും പന്തലിന് കാൽനാട്ടും. പന്തൽ നിൽമ്മാണം ആരംഭിച്ചതോടെ നഗരത്തിൽ ഗതാഗതക്കുരുക്കും രൂക്ഷമായതിനാൽ കൂടുതൽ പൊലീസിനെയും നിയോഗിച്ചു. പൂരത്തിന്റെ തലയെടുപ്പായ പന്തലുകൾ, സാമ്പിൾ ദിവസമാകുമ്പോഴേക്കും വർണ്ണവെളിച്ചം നിറഞ്ഞ് ആകർഷകമാകും. വെടിക്കെട്ട് സമയത്ത് ആനപ്പുറങ്ങളിൽ ദേവിമാർ ഏഴുന്നള്ളി നിൽക്കുന്നത് ഈ പന്തലിലാണ്.
ഉപചാരത്തിന് വടക്കുന്നാഥന് മുന്നിലേക്ക് എഴുന്നള്ളുന്നതും ഇതേ പന്തലിൽ നിന്നാണ്. ചെറുതുരുത്തി സ്വദേശി യൂസഫിനാണ് പാറമേക്കാവിന്റെ പന്തൽനിർമ്മാണത്തിന്റെ ചുമതല. തിരുവമ്പാടിയുടെ നടുവിലാൽ പന്തലിന്റെ കാൽനാട്ട് 28ന് രാവിലെ എട്ടിനും നായ്ക്കനാൽ പന്തലിന്റെ കാൽനാട്ട് ഒമ്പതിനുമാണ് നടക്കുക. ചെറുതുരുത്തി സ്വദേശി സൈതലവിക്കാണ് രണ്ട് പന്തലുകളുടെയും നിർമ്മാണച്ചുമതല. ദിവസവും പതിനഞ്ചോ ഇരുപതോ ജോലിക്കാരാണ് ഓരോ സ്ഥലത്തും ഉണ്ടാകുക. പകലും രാത്രിയും പണി നീളും. സാമ്പിൾത്തലേന്നായ ഏഴിന് പന്തൽ പൂർത്തിയാക്കി കൈമാറേണ്ടി വരുമെന്നതിനാൽ നിർമ്മാണം വേഗത്തിലാകും. മഠത്തിൽവരവ് നടക്കുന്ന ബ്രഹ്മസ്വം മഠത്തിന്റെ മുൻവശത്തും വടക്കുന്നാഥക്ഷേത്രത്തിലെ ഇലഞ്ഞിച്ചോട്ടിലും ശ്രീമൂലസ്ഥാനത്തും ചെറുപന്തലും ഉയരും. പാറമേക്കാവ് പ്രസിഡന്റ് സതീഷ് മേനോൻ, സെക്രട്ടറി ജി.രാജേഷ് മേനോൻ, തേക്കിൻകാട് കൗൺസിലർ പൂർണിമ സുരേഷ്, കെ.മഹേഷ് എന്നിവർ മണികണ്ഠനാൽ പന്തലിന്റെ കാൽനാട്ട് ചടങ്ങിൽ പങ്കെടുത്തു. ചെറുതുരുത്തി സ്വദേശി യൂസഫാണ് പാറമേക്കാവ് വിഭാഗത്തിന് പന്തലൊരുക്കുന്നത്.
സുരക്ഷ കടുക്കും
വൻതിരക്ക് മുന്നിൽക്കണ്ട് പൊലീസ് ഒരുക്കം നേരത്തെയാക്കി. ഉത്തരമേഖല ഐ.ജി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെയും തൃശൂരിൽ പൂരം നിയന്ത്രിച്ച് പരിചയമുള്ളവരെയും തൃശൂർ സ്വദേശികളെയും കൂടുതലായി നിയോഗിക്കാനുള്ള നടപടിയായി. 2019ലും പൂരം നിയന്ത്രണം ശക്തമായിരുന്നു. സ്യൂട്ട്‌കെയ്‌സും ബാഗുമായി ആരെയും ക്ഷേത്രത്തിനകത്തേക്ക് കയറ്റിവിട്ടിരുന്നില്ല. വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിന് ചുറ്റുമുള്ള ബാരിക്കേഡ് നിർമ്മാണം മേയ് ആറിന് മുൻപ് പൂർത്തീകരിക്കും. 40 ശതമാനം ജനം കൂടുതലെത്തുമെന്ന ഇന്റലിജൻസ് റിപ്പോർട്ട് മന്ത്രിമാരും കഴിഞ്ഞദിവസം ആവർത്തിച്ചു. കാണികൾ കൂടുതൽ സുരക്ഷ പുലർത്തണമെന്ന് നിർദ്ദേശവും നൽകി.
കൂട്ടപ്പൊരിച്ചിലില്ലാതെ ബാരിക്കേഡ് വിവാദം
എഴുന്നള്ളിപ്പും വെടിക്കെട്ടുമാണ് സാധാരണ തർക്കങ്ങൾക്ക് വഴിമരുന്നിടാറ്. എന്നാൽ ഈ വർഷം ബാരിക്കേഡും ഫ്‌ളൈഓവറും നിർമ്മിക്കാൻ ദേവസ്വങ്ങളെ ചുമതലപ്പെടുത്തിയ ജില്ലാ ഭരണകൂടത്തിന്റെ നടപടിയാണ് പ്രതിസന്ധി സൃഷ്ടിച്ചത്. എന്നാൽ രണ്ട് വർഷമായി പൂരം പ്രദർശനമില്ലാത്തതിനാൽ കടുത്തസാമ്പത്തിക പ്രതിസന്ധിയിലാണെന്ന നിലപാടിലായിരുന്നു പാറമേക്കാവ് തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ. ഒടുവിൽ, ഗാലറികളുടെയും ബാരിക്കേഡുകളുടെയും നിർമ്മാണം സർക്കാർ ഏറ്റെടുക്കാൻ തീരുമാനമായി. പൊലീസുകാർക്കുള്ള ഭക്ഷണം തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം സ്‌പോൺസർമാരെ കണ്ടെത്തി നിർവഹിക്കും. ഘടക പൂരങ്ങൾക്ക് തടസമാകുന്ന ഇലക്ട്രിക് ലൈനുകൾ സംബന്ധിച്ച് തൃശൂർ നഗരസഭ, കെ.എസ്.ഇ.ബി, ദേവസ്വം എന്നിവർ സംയുക്ത പരിശോധന നടത്തി മാറ്റി സ്ഥാപിക്കേണ്ടവ മാർക്ക് ചെയ്ത് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മന്ത്രിതല യോഗം നിർദ്ദേശിച്ചു. വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിന് ചുറ്റുമുള്ള ബാരിക്കേഡ് നിർമ്മാണം, ഭക്ഷണവിതരണം, ആവശ്യമായ സി.സി.ടി.വി സർവെയലൻസ്, പൂരപ്പറമ്പിലെ അനൗൺസ്‌മെന്റ് എന്നീ ചുമതലകൾ മുൻവർഷങ്ങളിലെ പോലെ ദേവസ്വം നിർവഹിക്കും.