ഉച്ചഭാഷിണി നിരോധനം നാടക രംഗത്തെ തകർത്തുവെന്ന്

ഗുരുവായൂർ: രാത്രി 10ന് ശേഷമുള്ള ഉച്ചഭാഷിണി നിരോധനം നാടക രംഗത്തെ തകർത്തുവെന്ന് നാടക അഭിനേതാക്കളുടെയും സാങ്കേതിക പ്രവർത്തകരുടെയും സംഘടനയായ 'അരങ്ങും അണിയറയും' ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വർഷംതോറും 360 വേദികളിൽ അവതരിപ്പിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 100 വേദികൾ പോലും ഒരു നാടകത്തിന് ലഭിക്കാത്ത സ്ഥിതിയാണെന്നും പറഞ്ഞു. രാഷ്ട്രീയ, മത പരിപാടികൾക്കെല്ലാം രാത്രിയും ഉച്ചഭാഷിണി ഉപയോഗിക്കുമ്പോൾ കലാപരിപാടികൾക്ക് മാത്രമാണ് സമ്പൂർണ വിലക്കുള്ളത്. നാടകം പോലുള്ള കലാപരിപാടികൾക്ക് നിയന്ത്രണങ്ങളിൽ ഇളവ് നൽകണമെന്നും ആവശ്യപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങളുടെ കമ്യൂണിറ്റി സെന്ററുകൾ നാടകാവതരണത്തിന് അനുയോജ്യമാക്കി മാറ്റണമെന്നും ആവശ്യപ്പെട്ടു.
'അരങ്ങും അണിയറയും' മൂന്നാം സംസ്ഥാന സമ്മേളനം വ്യാഴാഴ്ച ഗുരുവായൂർ ടൗൺഹാളിൽ നടക്കും. രാവിലെ പത്തിന് എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭാദ്ധ്യക്ഷൻ എം. കൃഷ്ണദാസ് മുഖ്യാതിഥിയാകും. ഉച്ചക്ക് 2.30ന് നടി സീമ ജി. നായർ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യും. സുനിൽ സുഗത, ജയരാജ് വാര്യർ എന്നിവർ മുഖ്യാതിഥികളാവും. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ശങ്കരൻകുട്ടി പൂഞ്ഞാർ, പൗർണമി ശങ്കർ എന്നിവർക്ക് കൈമാറും. സർക്കാരിന്റെ വിവിധ പുരസ്‌കാരങ്ങൾ നേടിയ അശോകൻ പതിയാരക്കര, ശ്രീജ സംഘകേളി, ഗ്രീഷ്മ ഉദയൻ, സജി മൂരാട് എന്നിവരെ ആദരിക്കും. ശിവജി ഗുരുവായൂർ, ബിജു രാജഗിരി, സുധീർ ബാബു, ദാസ് പള്ളിപ്പുറം, ജെയ്‌സൻ ഗുരുവായൂർ, മാത്യൂസ് പാവറട്ടി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

വാട്ടർ എ.ടി.എം ഉദ്ഘാടനം
ഗുരുവായൂർ: നഗരസഭാ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി മാമാബസാർ സെന്ററിൽ സ്ഥാപിച്ച വാട്ടർ എ.ടി.എം നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. 6 ലക്ഷം രൂപ ചെലവഴിച്ചാണ് എ.ടി.എം സ്ഥാപിച്ചത്. നഗരസഭാ വൈസ് ചെയർപേഴ്‌സൺ അനീഷ്മ ഷനോജ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.എം. ഷെഫീർ, ഷൈലജ സുധൻ, ബിന്ദു അജിത്കുമാർ, എ. സായിനാഥൻ, കൗൺസിലർ കെ.പി. ഉദയൻ, മുൻ നഗരസഭാ ചെയർമാൻ പി.എസ്. ജയൻ, നഗരസഭാ സെക്രട്ടറി ബീന എസ്. കുമാർ, വാർഡുതല വികസന സമിതി കൺവീനർ കെ.എ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഒരു രൂപയ്ക്ക് ഒരു ലിറ്റർ തണുത്ത വെളളവും അഞ്ച് രൂപയ്ക്ക് അഞ്ച് ലിറ്റർ വെളളവും ലഭിക്കും.