
തൃശൂർ: പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 73ാം ഭരണഘടനാ ഭേദഗതി പ്രകാരം പിന്നാക്ക സമുദായ സംവരണം നടപ്പാക്കണമെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ ആവശ്യപ്പെട്ടു. നാഷണലിസ്റ്റ് ഒ.ബി.സി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ അവകാശ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിച്ചമർത്തപ്പെട്ട പിന്നാക്ക സമൂഹത്തോട് ഭരണകൂടം നീതി പുലർത്തണം. ജാതീയമായ വേർതിരിവും ഉച്ചനീചത്വവും ഇല്ലാതാക്കാൻ കഴിഞ്ഞില്ലെങ്കിൽ രാഷ്ട്രീയത്തിന് അർത്ഥമില്ല.
തിരഞ്ഞെടുപ്പിൽ വിജയിക്കാനും അധികാരത്തിലെത്താനും മാത്രമുള്ളതല്ല രാഷ്ട്രീയം. പിന്നാക്ക ആഭിമുഖ്യം ഇല്ലാത്ത രാഷ്ട്രീയപാർട്ടികളെ ഇക്കാര്യം ബോദ്ധ്യപ്പെടുത്താൻ ഒ.ബി.സി കോൺഗ്രസിന് കഴിയും. സംസ്ഥാന ജനസംഖ്യയിൽ 65 ശതമാനം പിന്നാക്കക്കാരാണ്. സമരങ്ങളിലൂടെയാണ് അവർ ഇന്നത്തെ നിലയിലെത്തിച്ചേർന്നത്. തൊട്ടുകൂടാത്തവർ മാത്രമല്ല കണ്ടുകൂടാത്തവരും ഉണ്ടായിരുന്ന കേരളത്തെ സ്വാമി വിവേകാനന്ദൻ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചത് കുറഞ്ഞുപോയെന്നാണ് തോന്നുന്നത്.
അതിലും വലുതാണ് യഥാർത്ഥ സ്ഥിതിയെന്നും പി.സി.ചാക്കോ പറഞ്ഞു. ഒ.ബി.സി കോൺഗ്രസ് സംസ്ഥാന ചെയർമാൻ എ.വി.സജീവ് അദ്ധ്യക്ഷത വഹിച്ചു. എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് ലതികാ സുഭാഷ്, സംസ്ഥാന ജനറൽ സെക്രട്ടറി വി.ജി.രവീന്ദ്രൻ, സംസ്ഥാന സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു, അച്ചടക്ക സമിതി മെമ്പർ പത്മിനി ടീച്ചർ, തൃശൂർ സ്പിന്നിംഗ് മിൽ ചെയർമാൻ കെ.വി.സദാനന്ദൻ, ജില്ലാ പ്രസിഡന്റ് മോളി ഫ്രാൻസിസ്, ഒ.ബി.സി കോൺഗ്രസ് വൈസ് ചെയർപേഴ്സൺ അഡ്വ.എം.പ്രതിഭ, ജനറൽ സെക്രട്ടറിമാരായ സുകുമാരൻ കാസർകോട്, വി.ഡി.സുഷീൽകുമാർ, എസ്.കുമാർ, മുഹമ്മദ് കബീർ, എ.വി.വല്ലഭൻ, സഞ്ജു കാട്ടുങ്ങൽ, എ.ടി.വിജയൻ, മുകുന്ദൻ മാസ്റ്റർ, എസ്.സുരേഷ്, ഹരി മോഹൻ, അരുൺ പ്രകാശ്, മോഹൻദാസ് എടക്കാടൻ തുടങ്ങിയവർ സംസാരിച്ചു.