
തൃശൂർ: വർഗീയതയ്ക്കെതിരായ പോരാട്ടത്തോടൊപ്പം കേരളത്തിന്റെ വികസന പദ്ധതികൾ നിശ്ചയിക്കുന്നതിലും നടപ്പാക്കുന്നതിലും ജോയിന്റ് കൗൺസിൽ ഉൾപ്പെടെയുള്ള സർവീസ് സംഘടനകൾ ശ്രദ്ധാപൂർവമായ പ്രവർത്തനം നടത്തണമെന്ന് സി.പി.ഐ ദേശീയ കൗൺസിൽ അംഗം സി.എൻ. ജയദേവൻ. ജോയിന്റ് കൗൺസിൽ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വി.ജെ. മെർളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആർ. ഹരീഷ്കുമാർ, ട്രഷറർ വി.വി, പ്രസാദ്, സംസ്ഥാന ചെയർമാൻ കെ.ഷാനവാസ്ഖാൻ, സംസ്ഥാന വൈസ് ചെയർമാൻ കെ.എ.ശിവൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.യു.കബീർ, കെ.സി.സുഭാഷ്, വി.ഒ.ജോയ്, ഡോ.കെ.ആർ.അജയ് തുടങ്ങിയവർ പ്രസംഗിച്ചു.
ചിട്ടി ഫോർമെൻസ് അസോ. ധർണ്ണ 28 ന്
തൃശൂർ: ചിട്ടി നിയമങ്ങൾക്ക് ഇല്ലാത്ത വ്യാഖ്യാനം നൽകി സ്വകാര്യ ചിട്ടി മേഖലയെ ബോധപൂർവം തകർക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരുടെ കണ്ണ് തുറപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള ചിട്ടി ഫോർമെൻസ് അസോസിയേഷൻ ജില്ല രജിസ്ട്രേഷൻ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തും. ജില്ല രജിസ്റ്റർ ഓഫീസിന് മുൻപിൽ 28 ന് രാവിലെ 10.30ന് സംസ്ഥാന അദ്ധ്യക്ഷൻ ഡേവിഡ് കണ്ണനായ്ക്കൽ ധർണ്ണ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി വി.ടി.ജോർജ്, വൈസ് ചെയർമാൻ ബേബി മൂക്കൻ, സി.എൽ.ഇഗ്നേഷ്യസ്, ബിജു, സി.കെ.അനിൽകുമാർ എന്നിവർ പങ്കെടുത്തു.
സി.എൽ.ജോസിന് സ്വീകരണം 29ന്
തൃശൂർ: നാടകാചാര്യനും സംഗീത നാടക അക്കാഡമി മുൻ ചെയർമാനുമായ സി.എൽ.ജോസിന്റെ നവതിയോടനുബന്ധിച്ച് തൃശൂർ പൗരാവലിയുടെ സ്വീകരണ യോഗം 29ന് വൈകിട്ട് 3.45ന് സാഹിത്യ അക്കാഡമി ഹാളിൽ നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അദ്ധ്യക്ഷനാകും. മേയർ എം.കെ.വർഗീസ് ഉപഹാരം സമർപ്പിക്കും. ടി.എൻ.പ്രതാപൻ എം.പി പൊന്നാട ചാർത്തും. സി.എൽ.ജോസിന്റെ ആത്മകഥ 'നാടകത്തിന്റെ കാണാപ്പുറം' എന്ന ഗ്രന്ഥം സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ കെ.വി.ബേബിക്ക് നൽകി പ്രകാശനം ചെയ്യും. നവതി സ്മരണിക പി.ബാലചന്ദ്രൻ എം.എൽ.എ ഡോ.പോൾ പൂവത്തിങ്കലിന് നൽകി പ്രകാശനം ചെയ്യുമെന്നും ജനറൽ കൺവീനർ ബേബി മൂക്കൻ, തോമസ് കൊള്ളന്നൂർ, പി.എം.എം ഷെറീഫ്, സി.ജെ.ജോൺ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.