തൃപ്രയാർ: എടമുട്ടം ആൽഫ പാലിയേറ്റീവ് കെയറിന് കീഴിൽ പ്രവർത്തിക്കുന്ന ആൽഫ ഡയാലിസിസ് സെന്ററിന്റെ ഒന്നാം വാർഷികം ഇന്ന് നടക്കും. രാവിലെ പത്തിന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.കെ. കുട്ടപ്പൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പുതിയ ഡയാലിസിസ് മെഷീന്റെ സമർപ്പണവും നടക്കും. ചെയർമാൻ കെ.എം. നൂറുദ്ദീൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മെഷീനിന്റെ സമർപ്പണം ജോർജ് അമ്പൂക്കൻ നിർവഹിക്കും. കിഡ്‌നി ദാനത്തിന് സമ്മതം നൽകിയ പുള്ള് സ്വദേശി ഷൈജു സായ്റാമിനെ വേദിയിൽ ആദരിക്കും.

2021 ഫെബ്രുവരിയിലാണ് ആൽഫാ ഡയാലിസിസ് സെന്റർ പ്രവർത്തനമാരംഭിച്ചത്. ആദ്യ വർഷം 10,650 സൗജന്യ ഡയാലിസിസ് സർവീസുകൾ സൗജന്യമായി നൽകിയതായി കമ്മ്യൂണിറ്റി ഡയറക്ടർ സുരേഷ് ശ്രീധരൻ, എക്‌സിക്യൂട്ടീവ് കൗൺസിൽ പ്രസിഡന്റ് അഡ്വ. പി.എഫ്. ജോയ്, സെക്രട്ടറി ജയരാജൻ പുന്നപ്പുള്ളി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

നിലവിൽ 19 മെഷീനുകളിൽ മൂന്ന് ഷിഫ്റ്റുകളിലായി പ്രതിമാസം 1300ൽപ്പരം സൗജന്യ ഡയാലിസിസുകളാണ് നടത്തുന്നത്. പുതിയ മെഷീൻ സമർപ്പിക്കുന്നതോടെ 2,500 പ്രതിമാസ ഡയാലിസിസ് നടത്താനാണ് ലക്ഷ്യമിടുന്നത്. രോഗികൾക്ക് വാഹനസൗകര്യം, കുത്തിവയ്പ്പുകൾ, പ്രതിമാസ മെഡിക്കൽ ചെക്കപ്പ് എന്നിവയും സൗജന്യമായി എർപ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.