ചാഴൂർ: പഞ്ചായത്തിലെ പതിനേഴാം വാർഡിൽ 12 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച തുഷാരം അംഗൻവാടി കെട്ടിടം മാസങ്ങളായി അടഞ്ഞുതന്നെ. ഇവിടെ ഇരിക്കേണ്ട കുട്ടികൾക്ക് തൊട്ടപ്പുറത്ത് ആൾത്താമസമില്ലാത്ത പഴയ വീടിന്റെ ഇറയത്താണ് ക്ലാസ്. ഭീതി ജനിപ്പിക്കുന്ന അന്തരീക്ഷമാണിവിടെ.
പുല്ലും പാഴ്‌ച്ചെടികളും വളർന്ന് കാടായികിടക്കുകയാണ് വീടിന്റെ പരിസരം. ഇഴജന്തുക്കളുടെ ഭീഷണിയുമുണ്ട്. ഇരുപതിലധികം കുട്ടികൾ പഠിച്ചിരുന്ന അംഗൻവാടിയാണിതെന്ന് വർക്കർ മേരി പറയുന്നു.
എന്നാലിപ്പോൾ കുട്ടികൾ പലരും വരുന്നില്ല. മിക്ക കുട്ടികളെയും രക്ഷിതാക്കൾ വിടുന്നില്ലെന്നാണ് പറയുന്നത്. തുറന്ന സ്ഥലത്ത് പുറത്തിരുത്തി കുട്ടികളെ പഠിപ്പിക്കുന്നതിൽ രക്ഷിതാക്കൾ പൂർണമായും എതിരാണ്. പുതിയ കെട്ടിടത്തിലേക്ക് മാറാൻ നിർദ്ദേശമുണ്ടെങ്കിലും ഇതുവരെയും നടപടിയായില്ല.
വൈദ്യുതി ലഭിക്കാത്തതാണ് കാരണമെന്ന് അധികൃതർ പറയുന്നു. നേരത്തെ പൊട്ടിപ്പൊളിഞ്ഞ് ചോർന്നൊലിക്കുന്ന അവസ്ഥയിലായിരുന്നു അംഗൻവാടി. ഇതേത്തുടർന്ന് നമ്പേരി വേലായുധൻ ഭാര്യ മാധവിയും മക്കളും അംഗൻവാടിക്കായി സ്ഥലം നൽകി. 2018 ലാണ് ഗീതാഗോപി എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് കെട്ടിട നിർമ്മാണം ആരംഭിച്ചത്. മൂന്ന് മാസങ്ങൾക്ക് മുമ്പ് എല്ലാ പണികളും പൂർത്തികരിച്ചു. പക്ഷേ ഇതുവരെയും പൂർണരീതിയിൽ തുറന്നുകൊടുത്തിട്ടില്ല. പ്രശ്നത്തിൽ അധികൃതർ എത്രയും വേഗം പരിഹാരമുണ്ടാക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
കുട്ടികളെ എത്രയും വേഗം പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള നടപടികളുണ്ടാവണം
ഷാജി കളരിക്കൽ
പ്രസിഡന്റ്
ബി.ജെ.പി ചാഴൂർ പഞ്ചായത്ത് കമ്മിറ്റി