sabarimala
കിഫ്ബി ഫണ്ട് ഉപയോഗിച്ച് ചിറങ്ങരയിൽ നിർമ്മിക്കുന്ന ശബരിമല ഇടത്താവളത്തിന്റെ ശിലാസ്ഥാപനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കുന്നു.

ചാലക്കുടി: ശബരിമല തീർത്ഥാടനത്തിന്റെ ചിറങ്ങരയിൽ നിർമ്മിക്കുന്ന ഇടത്താവളം എത്രയും വേഗം പൂർത്തിയാക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. കിഫ് ബി ഫണ്ടിൽ നിന്ന് 10.75 കോടി രൂപ ചെലവഴിച്ച് തൃശൂർ, എറണാകുളം ജില്ലകളുടെ അതിർത്തിയായ ചിറങ്ങരയിൽ നിർമ്മിക്കുന്ന ശബരിമല ഇടത്താവളത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിക്കുകയായിരുന്നു മന്ത്രി. തീർത്ഥാടന കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനൊപ്പം റോഡുകൾ സഞ്ചാരയോഗ്യമാക്കും. തീർത്ഥാടനത്തിന് എത്തുന്ന ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സർക്കാർ ലഭ്യമാക്കും. തീർത്ഥാടകർക്ക് മാത്രമല്ല എല്ലാവർക്കും പ്രയോജനം ലഭിക്കത്തക്ക വിധത്തിലായിരിക്കും ഇടത്താവളത്തിന്റെ നിർമ്മാണമെന്നും മന്ത്രി തുടർന്ന് പറഞ്ഞു.
ചിറങ്ങര ക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങിൽ സനീഷ് കുമാർ ജോസഫ് എം.എൽ.എ അദ്ധ്യക്ഷനായി. ബെന്നി ബെഹന്നാൻ എം.പി, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, മുൻ എം.എൽ.എ ബി.ഡി. ദേവസി, ജില്ലാ പഞ്ചായത്തംഗം ലീലാ സുബ്രഹ്മണ്യൻ, കൊച്ചിൻ ദേവസ്വം ബോർഡ് ചെയർമാൻ വി. നന്ദകുമാർ, മെമ്പർമാരായ വി.കെ. അയ്യപ്പൻ, എം.ജി.നാരായണൻ, അസി.കമ്മിഷണർ കെ. സുനിൽ എന്നിവർ പ്രസംഗിച്ചു.

ഇടത്താവളം മൂന്ന് നിലകളിലായി
മൂന്ന് നിലകളിലായി 52,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഇടത്താവളം നിർമ്മിക്കുക. വിശ്രമ കേന്ദ്രം, അന്നദാന മണ്ഡപം, പാചകശാല, ഓഡിറ്റോറിയം, സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക ഡോർമിറ്ററി, ശുചിമുറികൾ, വാഹന പാർക്കിംഗ് സൗകര്യം തുടങ്ങിയവയാണ് ഇടത്താവളത്തിൽ ഒരുക്കുക. നാഷണൽ ബിൽഡിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമ്മാണ ചുമതല.