ചാലക്കുടിയിലെ അടിപ്പാത നിർമ്മാണ സ്തംഭനത്തിനെതിരെ എൽ.ഡി.എഫ് ആരംഭിച്ച ധർണ സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് ഉദ്ഘാടനം ചെയ്യുന്നു.
ചാലക്കുടി: കോടികളുടെ അഴിമതിയാണ് അടിപ്പാത നിർമ്മാണം വൈകിപ്പിക്കുന്നതിലൂടെ ബന്ധപ്പെട്ടവർ ചെയ്യുന്നതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്. കോടതി ജംഗ്ഷനിലെ അടിപ്പാത നിർമ്മാണം സ്തംഭനാവസ്ഥയിലായതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി ആരംഭിച്ച 7 ദിവസത്തെ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്റ്റിമേറ്റ് പുതുക്കുന്നതിലൂടെ നടക്കുന്ന വൻ അഴിമതിക്ക് എൻ.എച്ച്.ഐ അധികാരികളും കേന്ദ്ര സർക്കാരും ഒത്താശ ചെയ്യുകയാണെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു. ചാലക്കുടി എം.എൽ.എയും നഗരസഭാ ഭരണ സമിതിയും ഇതൊന്നും അറിഞ്ഞില്ലെന്ന ഭാവത്തിലാണ്. അടിപ്പാത നിർമ്മാണവുമായി പ്രത്യക്ഷത്തിൽ ബന്ധമില്ലാത്ത സംസ്ഥാന സർക്കാരിനെയാണ് അവർ കുറ്റപ്പെടുത്തുന്നത്-എം.എം. വർഗീസ് ചൂണ്ടിക്കാട്ടി. മുനിസിപ്പൽ ജംഗ്ഷനിലെ സമരപ്പന്തലിൽ നടന്ന യോഗത്തിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി പി.എം. വിജയൻ അദ്ധ്യക്ഷനായി. മുൻ എം.എൽ.എ ബി.ഡി. ദേവസ്സി, കേരള കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയംഗം ഡെന്നീസ് കെ.ആന്റണി, എൽ.ജെ.ഡി നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ്ജ് ഐനിക്കൽ, സി.പി.എം ഏരിയാ സെക്രട്ടറി കെ.എസ്.അശോകൻ, വി.ഐ.പോൾ, ടി.കെ.മുഹമ്മദ്കുട്ടി, കെ.ഐ. അജിതൻ, സി.വി.ജോഫി എന്നിവർ പ്രസംഗിച്ചു.