തിരുവില്വാമല: ആക്കപ്പറമ്പ് മാരിയമ്മയുടേയും കാളിയമ്മയുടേയും പൂജാ ആഘോഷം വർണാഭമായി. പകവത്ത് തോട്ടിൽ നിന്നും പ്രത്യേക പൂജകൾക്ക് ശേഷം മാരിയമ്മയുടേയും കാളിയമ്മയുടേയും വേപ്പിലകളാലും പുഷ്പമാലകളാലും അലങ്കരിച്ച കുംഭങ്ങൾ ഉടുക്കുവാദ്യത്തിന്റേയും അഗ്‌നികുംഭങ്ങളുടെയും അകമ്പടിയോടെ എഴുന്നള്ളിച്ചു. പുതുപ്പള്ളി കേശവൻ തിടമ്പേറ്റിയ എഴുന്നള്ളിപ്പിന് മറ്റ് ആറ് ഗജവീരന്മാർ അകമ്പടി സേവിച്ചപ്പോൾ തിരുവില്വാമല രാജന്റെ നേതൃത്വത്തിലുള്ള പഞ്ചവാദ്യ സംഘം വാദ്യ വിസ്മയം തീർത്തു. വടക്കന്തറ ശ്രീശക്തി കരകാട്ടസംഘത്തിന്റെ കരകാട്ടവും കല്ലേക്കാട് ശ്രീശക്തി കാവടിസംഘം അവതരിപ്പിച്ച കാവടിയാട്ടവും പാലക്കാട് ശ്രീശക്തി നൃത്തസംഘം അവതരിപ്പിച്ച കാളിനൃത്തവും ശിങ്കാരമേളവും പൂജാഘോഷത്തിനു കൊഴുപ്പേകി. ബുധനാഴ്ച പൂജാ മഹോത്സവം സമാപിക്കും