മാള: രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം സാമ്പത്തികമായി തകർന്ന ബ്രിട്ടനിൽ ജനങ്ങൾക്ക് ക്രിസ്മസിന് കോഴിയിറച്ചി വാങ്ങാൻ പോലും സാധിക്കാത്ത അവസ്ഥ. ഈ സമയത്താണ് ഇന്ത്യയുടെ വൈസ്രോയിയായി മൗണ്ട് ബാറ്റൺ ഇന്ത്യയിലെത്തുന്നത്. കൂടെ ഭാര്യ ലേഡി മൗണ്ട് ബാറ്റണും. ഡൽഹിയിലെത്തിയപ്പോൾ ലേഡി മൗണ്ടൻ ബാറ്റന്റെ നായക്കുട്ടിക്ക് വല്ലാതെ വിശന്നു. വൈസ്രോയിയുടെ ജോലിക്കാർ കുറച്ച് കോഴിയിറച്ചിയുടെ വേസ്റ്റ് പൊരിച്ച് നായ്ക്കുട്ടിക്ക് കൊടുക്കാൻ ഏൽപ്പിച്ചു. എന്നാൽ കോഴിയിറച്ചി ക്ഷാമത്തിൽ വലയുകയായിരുന്ന ലേഡി മൗണ്ട് ബാറ്റൺ ബാത്റൂമിൽ പോയിരുന്ന് അതെല്ലാം കഴിച്ചുതീർത്തു.

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് ആധിപത്യത്തിന്റെ കഥകൾക്കിടെ, ഈ ക്രൂരഫലിതം പോലെ തിളങ്ങുന്ന കഥ വിവരിക്കുകയാണ്
മാളയുടെ ചരിത്രകാരനായ കെ.സി. വർഗീസ്, സോഷ്യലിസ്റ്റ് ഇന്ത്യയുടെ തിരുമുറിവുകൾ എന്ന പുസ്തകത്തിലൂടെ. മാളയുടെ പൈതൃക ഭൂവിൽ, സ്‌നേഹഗോപുരം എന്നീ പുസ്തകങ്ങൾക്ക് ശേഷം പുറത്തിറക്കുന്ന ഈ പുസ്തകത്തിന്റെ പ്രകാശനം 30ന് നടക്കും. കെ.സി. വർഗീസിന്റെ രാഷ്ട്രീയ ഗുരുവും ജനതാദൾ നേതാവുമായിരുന്ന എം.പി. വീരേന്ദ്രകുമാർ മുമ്പേയിറങ്ങിയ രണ്ടു പുസ്തകങ്ങളും വായിച്ചു വിലയിരുത്തിയ ശേഷം, വർഗീസ് ,നിങ്ങൾക്ക് എന്തുകൊണ്ട് ഇന്ത്യയുടെ ചരിത്രം എഴുതിക്കൂടാ.... താങ്കൾ എഴുതൂ....എന്ന് പറയുകയായിരുന്നു. ആ പുസ്തകത്തിന് ഞാൻ ആമുഖം എഴുതി തരാമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് സോഷ്യലിസ്റ്റ് ഇന്ത്യയുടെ തിരുമുറിവുകൾ എന്ന ചരിത്ര ഗ്രന്ഥം പിറവിയെടുക്കുന്നത്. ഗ്രന്ഥം പൂർത്തിയാകും മുമ്പേ വീരേന്ദ്രകുമാർ അന്തരിച്ചതോടെ മകൻ ശ്രേയാംസ്‌കുമാറാണ് ആമുഖം എഴുതിയത്. മുസ്‌ലിംകൾ, ക്രിസ്ത്യാനികൾ, യഹൂദർ, ഗോവയിൽ നിന്നും വന്ന കൊങ്ങിണികൾ, കുഡുംബികൾ, പടന്ന സമുദായക്കാർ എന്നിങ്ങനെ സംസ്കാരത്തിന്റെ വൈവിദ്ധ്യധാരകളുടെ ചരിത്രം പേറുന്ന മാളയുടെ ചരിത്രം പഠിക്കാൻ മാളയുടെ പൈതൃക ഭൂവിൽ എന്ന പുസ്തകം വായിച്ചാൽ മതി. മാളയിൽ ടി.എൻ. പ്രതാപൻ എം.എൽ.എ ആയിരുന്ന കാലത്ത് മാള മഹോത്സവം എന്ന ഒരു പരിപാടിയിലെ സെമിനാറിനായാണ് മാളയുടെ ചരിത്രം കെ.സി. വർഗീസ് പഠിച്ചു തുടങ്ങിയത്. പിന്നീട് ആ ഉദ്യമം പുസ്തകത്തിലേക്കെത്തിച്ചേരുകയായിരുന്നു.