കൊടുങ്ങല്ലൂർ: വഴി വിളക്ക് അനുവദിക്കാത്തതുമായി ബന്ധപ്പെട്ട് പ്രതിപക്ഷമായ ബി.ജെ.പി അവിശ്വാസ പ്രമേയം അവതരിപ്പിച്ചാൽ താൻ പ്രമേയത്തെ പിന്തുണക്കുമെന്നും, അത് നഗരസഭയിൽ ഇടത് ഭരണം അവസാനിക്കുന്നതിന് ഇടവരുത്തുമെന്നും നഗരസഭയിലെ ഏക കോൺഗ്രസ് അംഗം വി.എം. ജോണി പറഞ്ഞു. വെളിച്ചത്തിനു വേണ്ടിയുള്ള നൂറാംദിന അബ്ദുൾ ലത്തീഫ് സ്മൃതി സത്യഗ്രഹത്തിൽ പ്രസംഗിക്കുകയായിരുന്നു ജോണി. നഗരസഭയിൽ ഭരണപക്ഷത്തിന് 22 ഉം ബി.ജെ.പിക്ക് 21 ഉം അംഗങ്ങളുള്ളപ്പോൾ ഏക കോൺഗ്രസ് അംഗമായ ജോണി നിഷ്പക്ഷത പാലിച്ചാണ് നറുക്കെടുപ്പില്ലാതെ കൗൺസിലിന്റെ പ്രമേയങ്ങൾ പാസാക്കിയെടുക്കുന്നത്. തന്റെ പാർട്ടിയുടെ ഈ ഔദാര്യ നിലപാട് മുതലെടുക്കുന്ന ഭരണപക്ഷം നഗരഭരണത്തിന്റെ അടിസ്ഥാനാവശ്യം നിറവേറ്റാൻ ജനപക്ഷത്ത് നിൽക്കാത്തതിൽ വലിയ പ്രതിഷേധമുണ്ടെന്നും ജോണി പറഞ്ഞു. കഴിഞ്ഞ കൗൺസിലിലെ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും എ.ഐ.ടി.യു.സി കൊടുങ്ങല്ലൂർ മണ്ഡലം സെക്രട്ടറിയുമായ ജി.എസ്. സുരേഷ് വഴി വിളക്ക് സമരത്തിൽ പങ്കെടുത്ത് പ്രസംഗിച്ചതും വേറിട്ട സംഭവമായി.