തൃശൂർ: പാവറട്ടി സെന്റ് ജോസഫ്‌സ് തീർത്ഥകേന്ദ്രത്തിൽ വി.യൗസേപ്പിതാവിന്റെ തിരുനാളിന് 29ന് കൊടിയേറും. മേയ് 6,7,8 തിയതികളിലാണ് തിരുന്നാൾ. മേയ് 15ന് എട്ടാമിടവും. കൊടിയേറ്റം കഴിഞ്ഞ് തിരുനാൾ ദിനം വരെ എന്നും വൈകീട്ട് 5.30ന് നവനാൾ തിരുകർമ്മം ഉണ്ടാകുമെന്ന് റെക്ടർ ഫാ.ജോൺസൻ ഐനിക്കൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദേവാലയ ദീപാലാങ്കാരം മേയ് ആറിന് രാത്രി 7ന് പാവറട്ടി ആശ്രമാധിപൻ ഫാ.ആന്റണി വേലത്തിപറമ്പിൽ സ്വിച്ച് ഓൺ ചെയ്യും. അന്ന് രാവിലെ 10ന് നിവേദ്യപൂജ, പാലയൂർ ഫൊറോന വികാരി ഫാ.ഡേവിസ് കണ്ണമ്പുഴയുടെ കാർമ്മികത്വത്തിൽ നടക്കും. രണ്ടരലക്ഷം പേർക്ക് നേർച്ച ഊട്ടിനുള്ള ഒരുക്കം ചെയ്തിട്ടുണ്ടെന്നും ഞായർ ഉച്ച രണ്ട് വരെ ഊട്ട് നടക്കുമെന്നും ഫാ.ജോൺസൺ പറഞ്ഞു. വൈകീട്ട് 5ന് അതിരൂപത മുൻ മെത്രാപ്പോലീത്ത മാർ ജേക്കബ്ബ് തൂങ്കുഴി മുഖ്യകാർമ്മികനായി സമൂഹബലി. തുടർന്ന് കൂടുതുറക്കൽ. വിവിധ കുടുംബകൂട്ടായ്മകളുടെ വള എഴുന്നള്ളിപ്പുകൾ രാത്രി തീർത്ഥകേന്ദ്രത്തിൽ സമാപിക്കും. മേയ് എട്ടിന് പുലർച്ചെ 4.30 മുതൽ ദിവ്യബലി. 9ന് ഇംഗ്ലീഷ് കുർബ്ബാന, വൈകിട്ട് മൂന്നിന് തമിഴ് കുർബാനയും ഉണ്ടാകും. രാവിലെ 10ന് തിരുനാൾ ഗാനപൂജയ്ക്ക് ഫാ.ഡേവിസ് പുലിക്കോട്ടിൽ മുഖ്യകാർമ്മികനാകും. ഫാ.റോയ് വടക്കൻ സന്ദേശം നൽകും. വൈകീട്ട് 7ന് ദിവ്യബലിയുമുണ്ടാകും. പത്രസമ്മേളനത്തിൽ മാനേജിംഗ് ട്രസ്റ്റി വി.എസ്.സെബി, പബ്ലിസിറ്റി കൺവീനർ സൈമൺ നീലങ്കാവിൽ, സി.സി.ദേവസി, പി.എഫ്.ജോർജ്ജ് പങ്കെടുത്തു.