തിരുവില്വാമല: പറക്കോട്ടുകാവ് താലപ്പൊലി ആഘോഷം ഭംഗിയായി നടത്തുന്നതിനു വേണ്ടി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് തിരുവില്വാമല ഗ്രാമപ്പഞ്ചായത്ത് അവലോകന യോഗം സംഘടിപ്പിച്ചു. യോഗത്തിൽ റവന്യു, പൊലീസ്, എക്‌സൈസ് , വനം, ദേവസ്വം, വൈദ്യുതി , ആരോഗ്യ വകുപ്പുകൾക്ക് പുറമെ ജനപ്രതിനിധികൾ, വ്യാപാര വ്യവസായ പ്രതിനിധികൾ, പറക്കോട്ടുകാവ് താലപ്പൊലി ദേശകമ്മിറ്റികളുടെ ഭാരവാഹികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. പത്മജയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ താലപ്പൊലി ആഘോഷങ്ങൾ വളരെ ഭംഗിയായി നടത്തുന്നതിനുവേണ്ടി വിവിധ വകുപ്പുകളുടെ സേവനം ലഭ്യമാക്കാനും താലപ്പൊലി തലേ ദിവസം നടക്കുന്ന റോഡ് ഷോ പറക്കോട്ട്കാവ് ക്ഷേത്രത്തിൽ അവസാനിപ്പിക്കാനും തീരുമാനിച്ചു. താലപ്പൊലി ആഘോഷങ്ങൾ കാണാനെത്തുന്ന ഭക്തർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും യോഗത്തിൽ തീരുമാനമായി. ലഹരി ഉപയോഗം മൂലം ഉണ്ടാകുന്ന കുറ്റകൃത്യങ്ങൾ ചെറുക്കാൻ എക്‌സൈസ് പരിശോധന കർശനമാക്കാനും യോഗം തീരുമാനിച്ചു. മെയ് 8 നാണ് താലപ്പൊലി ആഘോഷം.