ചാലക്കുടി: സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി മേയ് 15നകം സംസ്ഥാനത്ത് 1 ലക്ഷം കുടുംബങ്ങൾക്ക് പുതുതായി റേഷൻ കാർഡുകൾ വിതരണം ചെയ്യുമെന്ന് ഭക്ഷ്യ വിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. വിശപ്പു രഹിതം നമ്മുടെ കേരളം പദ്ധതിയുടെ ഭാഗമായി പൊതുവിതരണ വകുപ്പ് ചാലക്കുടി നഗരസഭയുമായി സഹകരിച്ച് തുടക്കമിട്ട സുഭിക്ഷ ഹോട്ടൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനർഹരായവരെ ബി.പി.എൽ റേഷൻ കാർഡിൽ നിന്നും നീക്കം ചെയ്യുന്ന പ്രവർത്തനം ത്വരിതഗതിയിലാക്കും. മേയ് 15നകം സംസ്ഥാനത്ത് 20 രൂപയ്ക്ക് ഉച്ചയൂണ് ലഭിക്കുന്ന 46 സുഭിക്ഷ ഹോട്ടലുകളും തുറക്കും. മന്ത്രി തുടർന്ന് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ അദ്ധ്യക്ഷനായി. നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, നഗരസഭാ വൈസ് ചെയർപേഴ്‌സൺ സിന്ധു ലോജു, സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.വി. പോൾ, നിതാ പോൾ, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.എം. വിജയൻ, പോളി റാഫേൽ, വി.ഐ. പോൾ, ജില്ലാ സപ്ലൈ ഓഫീസർ പി.ആർ. ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് എതിർ ഭാഗത്തെ കെട്ടിടത്തിലാണ് സുഭിക്ഷ ഹോട്ടൽ പ്രവർത്തിക്കുന്നത്. ഇതിന്റെ നടത്തിപ്പ് വിധവ സഹകരണ സംഘത്തിനാണ്.