പാവറട്ടി: എളവള്ളി പഞ്ചായത്തിലെ വാക കോരാത തോടിന് കുറുകെ തടയണ നിർമ്മാണം ആരംഭിച്ചു. മുരളി പെരുനെല്ലി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ വകയിരുത്തിയാണ് തടയണ നിർമ്മിക്കുന്നത്. അഞ്ചു മീറ്റർ വീതിയുള്ള തടയണയും അതിനോട് ചേർന്ന 56 മീറ്റർ നീളത്തിൽ ഭിത്തി സംരക്ഷണവുമാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. വാക പുഴയിൽ നിന്നും പമ്പ് ചെയ്യുന്ന വെള്ളം പുതിയ തടയണയിൽ തടഞ്ഞ് നിറുത്തിയാൽ ചെമ്മങ്ങാട്, കാക്കതിരുത്തി, കാട്ടൂപാടം, കുണ്ടുപാടം എന്നീ പാടശേഖരങ്ങൾക്ക് ജലസേചനത്തിന് സൗകര്യപ്രദമാകും.
തടയണ നിർമ്മാണോദ്ഘാടനം മുരളി പെരുനെല്ലി എം.എൽ.എ നിർവഹിച്ചു. എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് അദ്ധ്യക്ഷനായി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ മുഖ്യാതിഥിയായിരുന്നു. ജനപ്രതിനിധികളായ ബിന്ദു പ്രദീപ്, ലീന ശ്രീകുമാർ, ടി.സി. മോഹനൻ, ഷാലി ചന്ദ്രശേഖരൻ, രാജി മണികണ്ഠൻ, ശ്രീകുമാർ വാക, അസിസ്റ്റന്റ് എൻജിനിയർ ലൈഷ ഇ.അശോകൻ എന്നിവർ പ്രസംഗിച്ചു.