ഗുരുവായൂർ: ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ബ്രഹ്മോത്സവത്തിന് മേയ് മൂന്നിന് കൊടികയറുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാത്രി എട്ടുമണിയ്ക്ക് മേടമാസത്തിലെ രോഹിണി നക്ഷത്രത്തിലാണ് കൊടികയറ്റം. ഉത്സവനാളുകളിൽ ഭഗവാന് പ്രത്യേക പൂജകളും അലങ്കാരങ്ങളും കൂടാതെ ശ്രീഭൂതബലി, രണ്ടുനേരവും ശീവേലി, ദീപാരാധന, രാത്രി വടക്കേനടയ്ക്കൽ എഴുന്നെള്ളിച്ചുവയ്ക്കൽ, തായമ്പക, വിളക്കെഴുന്നെള്ളിപ്പ് എന്നിവയും ഉണ്ടായിരിയ്ക്കും. ബ്രഹ്മോത്സവത്തോടനുബന്ധിച്ചുള്ള കലശചടങ്ങുകൾ ഞായറാഴ്ച്ച ആരംഭിക്കും. മെയ് 6ന് ഉത്സവബലിയും 7 ന് പള്ളിവേട്ടയും നടക്കും. 8ന് രാത്രി ആറാട്ടോടെയാണ് ഉത്സവച്ചടങ്ങുകൾക്ക് സമാപനമാകുക. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ. തിരുവെങ്കിടാചലപതി ക്ഷേത്ര ഭരണസമിതി വൈസ് പ്രസിഡന്റ് ചന്ദ്രൻ ചങ്കത്ത്, ജോ.സെക്രട്ടറി ബാലൻ വാറണാട്ട്, ഭരണസമിതി അംഗങ്ങളായ ബിന്ദു നാരായണൻ, ശിവൻ കണിച്ചാടത്ത്, പി. ഹരിനാരായണൻ, ക്ഷേത്രം മാനേജർ രാഘവൻ പെരുമ്പിള്ളി എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.