തൃശൂർ: നമ്പോർക്കാവ് ഭഗവതി ക്ഷേത്രത്തിലെ മേടഭരണി കാർത്തിക വേല മേയ് 1, 2 തീയതികളിൽ ആഘോഷിക്കും. വേലയോടനുബന്ധിച്ച് ഇന്ന് പനമണ്ണ ശശി & മട്ടന്നൂർ ശ്രീകാന്ത് എന്നിവരുടെ ഇരട്ട തായമ്പക അരങ്ങേറും. നാളെ രാവിലെ സോപാന സംഗീതം, പഞ്ചരത്‌ന കീർത്തനം, ഉച്ചയ്ക്ക് 1 ന് പകൽപ്പൂരം, വൈകീട്ട് 7 മണിക്ക് വർണമഴ, രാത്രി 10ന് ഇരട്ടതായമ്പക എന്നിവ നടക്കും. മേയ് രണ്ടിന് കാർത്തിക വേല പുലർച്ചെ ഒന്നിന്, തുടർന്ന് കാളകളി, പറയൻതുള്ളൽ, തെയ്യം, മുടിയാട്ടം, വിവിധ ദേശങ്ങളിലെ വേലവരവ്, പാലത്തറമേളം, കാവുതീണ്ടൽ എന്നിവയോടെ സമാപിക്കും. നമ്പോർക്കാവ് ദേവസ്വം വേലയോടനുബന്ധിച്ച് കലാകാരന്മാർക്ക് നൽകി വരുന്ന സുവർണമുദ്ര സോപാന സംഗീതജ്ഞൻ അമ്പലപ്പുഴ വിജയകുമാറിന് സമർപ്പിക്കും. വാർത്താസമ്മേളനത്തിൽ ദേവസ്വം പ്രസിഡന്റ് രാമചന്ദ്രൻ കറത്തേറ്റിൽ, പറളിയിൽ കൃഷ്ണൻകുട്ടി നായർ, കറത്തേറ്റിൽ കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.